മമ്മൂട്ടി- ജിയോ ബേബി കൂട്ടുക്കെട്ടിലിറങ്ങിയ ‘കാതൽ’ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ചിത്രത്തെ പ്രശംസിച്ച് ന്യൂയോർക്ക് ടൈസ് ആണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വവർഗ്ഗാനുരാഗം പ്രമേയമായ ചിത്രം റിലീസ് ചെയ്തതിന് ശേഷം നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
ലോകത്തിന് മുന്നിൽ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതൽ എന്നാണ് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ബോളിവുഡ് സിനിമകളുടെ ഗ്ലാമർ ലോകത്തിനപ്പുറം യഥാർത്ഥ ജീവിതങ്ങളോട് ചേർന്ന് നിൽക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമ വേറിട്ട് നിൽക്കുന്നതെന്നും ലേഖനത്തിൽ പരാമർശിക്കുന്നു.
ഗോവയിലെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ ഓമന എന്ന കഥാപാത്രമായാണ് ജ്യോതിക ചിത്രത്തിലെത്തിയത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ഒരൊറ്റ സിനിമകൊണ്ട് ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതനാണ് ജിയോ ബേബി. അത്തരത്തിൽ പ്രമേയത്തിലെ വ്യത്യസ്തകൊണ്ട് ചർച്ചയായ കാതൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
Read more
മമ്മൂട്ടിയെ കൂടാതെ ജ്യോതികയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആദർശ് സുകുമാരൻ പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം.