പ്രേക്ഷക ഹൃദയം കീഴടക്കിയ മാത്യു ദേവസി ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് ആരംഭിക്കുന്നത് ഈ മാസം മുതൽ

ബോക്സോഫീസിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും ഒരേപോലെ കയ്യടി വാങ്ങുക എന്ന അപൂർവനേട്ടമാണ് മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതൽ’ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലായിരിക്കും ജനുവരി 5 മുതൽ കാതൽ സ്ട്രീം ചെയ്യുന്നത്. ഇന്ന് രാത്രി മുതൽ ചിത്രം കാണാൻ കഴിയും.

നവംബർ 23 നാണ് സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. അന്ന് വൈകുന്നേരം തന്നെയായിരുന്നു സിനിമയുടെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ആദ്യ പ്രദർശനവും.

5 കോടി മുതൽ മുടക്കിൽ ചിത്രീകരിച്ച സിനിമയ്ക്ക് ഇരട്ടിയോളം തുക കളക്ഷൻ നേടിയതിലൂടെ ഹിറ്റ് സ്റ്റാറ്റസാണ് ചിത്രം നേടിയിരിക്കുന്നത്.കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ടും കയ്യടക്കമുള്ള സംവിധാനം മികവ് കൊണ്ടും കാതൽ എന്നും മികച്ചുനിൽക്കുന്നു.

Read more

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കാതലിലെ മാത്യു ദേവസ്യ എന്ന കഥാപാത്രത്തെ പ്രേക്ഷകർ കാണുന്നത്. കൂടാതെ മമ്മൂട്ടി കമ്പനിയുടെ നാലാം ഹിറ്റ് ചിത്രമായും കാതൽ മാറി.ജ്യോതിക, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങീ താരങ്ങളും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവെച്ചത്.