സുരേഷ് ഗോപി ചിത്രം “കാവല്‍” സിനിമയ്ക്ക് പാക്കപ്പ്. കസബ എന്ന ചിത്രത്തിന് ശേഷം നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രമാണ് കാവല്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടെ നിര്‍ത്തിവെച്ചിരുന്ന ചിത്രം ഒക്ടോബര്‍ ഏഴിന് ആയിരുന്നു പുനരാരംഭിച്ചത്.
നിര്‍മ്മാതാവ് ജോബി ജോര്‍ജ്, നിഥിന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ പാക്കപ്പ് പാര്‍ട്ടിയില്‍ പങ്കെടുത്തു. കാവല്‍ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയാണ്, ആദ്യമായാണ് താന്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതെന്നും ജോബി ജോര്‍ജ് പറഞ്ഞു.
തമ്പാന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സുരേഷ് ഗോപി വേഷമിടുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന്‍ പറഞ്ഞു. നടന്‍ ലാലും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സയാ ഡേവിഡ്, ഐ.എം. വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി. ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.