സെല്‍ഫിക്കിടെ അരക്കെട്ടില്‍ കടന്നുപിടിച്ച് ആരാധകന്‍! പ്രതികരിച്ച് കാജല്‍; വീഡിയോ ചര്‍ച്ചയാകുന്നു

നടി കാജല്‍ അഗര്‍വാളിനെതിരെ ആരാധകന്റെ മോശം പെരുമാറ്റം. ഹൈദരാബാദില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു സംഭവം. സെല്‍ഫി എടുക്കാനെത്തിയ ആരാധകന്‍ കാജലിനോട് ഒട്ടി നില്‍ക്കാന്‍ ശ്രമിക്കുകയും അരക്കെട്ടില്‍ കൈ വയ്ക്കുകയുമായിരുന്നു.

തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു കൊണ്ടുള്ള ആരാധകന്റെ അതിരുകടന്ന പെരുമാറ്റത്തില്‍ അസ്വസ്ഥയായ കാജല്‍ ഉടനെ തന്നെ ഇയാളെ തട്ടി മാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. യുവാവിന്റെ പ്രവര്‍ത്തിയെ രൂക്ഷമായാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.

സെല്‍ഫി എടുക്കാന്‍ നല്‍കുന്ന അവസരം ഏതെങ്കിലും ഒരു വ്യക്തിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാനുള്ള അവസരമല്ലെന്ന് പലരും കമന്റ് ചെയ്യുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കാതെ കാജല്‍  ചടങ്ങില്‍ പങ്കെടുത്തു. നിരവധി പേരാണ് കാജലിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

അതേസമയം, 2022ല്‍ മകന്‍ നീലിന്റെ ജനനത്തോടെ കാജല്‍ സിനിമയ്ക്കും പൊതുപരിപാടികള്‍ക്കും ചെറിയൊരു ഇടവേള നല്‍കിയിരിക്കുകയായിരുന്നു. ‘ഭഗവന്ത് കേസരി’ ആണ് കാജലിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ‘സത്യഭാമ’ ആണ് കാജലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Read more