മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തില്‍ പ്രതികരിച്ച് കലാ മാസ്റ്റര്‍. താനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും കലാ മാസ്റ്റര്‍ പറഞ്ഞു. മീനയും വിദ്യാസാഗറും കലാ മാസ്റ്ററുടെ അടുത്ത സുഹൃത്തുക്കളാണ്.
ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മീനയുടെ വിജയത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. എന്തുരോഗം വന്നാലും അധികകാലം കൂടുതല്‍ അദ്ദേഹം ആശുപത്രിയില്‍ കിടന്നിട്ടില്ല. എന്നാല്‍ ഇങ്ങനെ ഒരു വാര്‍ത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന് കോവിഡ് കാര്യമായി ഉണ്ടായിരുന്നില്ല. അതല്ല മരണകാരണം.
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞാന്‍ നേരില്‍ പോയി കണ്ടിരുന്നു. എന്നോട് പിറന്നാള്‍ ആശംസകളൊക്കെ പറഞ്ഞിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഭയപ്പെടാനില്ലെന്നും വിജയകരമായി മാറ്റിവയ്ക്കാമെന്നും പറഞ്ഞിരുന്നു. പിന്നീട് പക്ഷിയില്‍ നിന്നുള്ള അണുബാധ വന്നതോടെയാണ് രോഗം ഗുരുതരമായത്.
മീന ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വലിയ പോരാട്ടമാണ് നടത്തിയത്. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചു. അവയവദാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാല്‍ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാല്‍ ഫലമുണ്ടായില്ല.
‘തിരികെ വരും’ എന്നായിരുന്നു സാഗര്‍ പറഞ്ഞത്. നല്ല ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു അദ്ദേഹം . പക്ഷേ എന്തുചെയ്യാം കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നിലവളരെ മോശമായി- കലാ മാസ്റ്റര്‍ പറഞ്ഞു.