മണിയുടെ ആഗ്രഹം നിറവേറ്റാന്‍ നടന്റെ മകള്‍; കൂട്ടുകാരിയുടെ വ്‌ളോഗില്‍ സംസാരിച്ച് ശ്രീലക്ഷ്മി

കലാഭവന്‍ മണിയുടെ ആഗ്രഹം നിറവേറ്റാന്‍ നടന്റെ മകള്‍ ശ്രീലക്ഷ്മി. മണിയുടെ ആഗ്രഹമായിരുന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രിയും മകളെ ഡോക്ടറാക്കുക എന്നതും. അദ്ദേഹം അത് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മണിയുടെ ഏക മകള്‍ ശ്രീലക്ഷ്മി.

ചാലക്കുടിയിലെ നടന്റെ വീടായ മണികൂടാരത്തില്‍ നിന്നുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൂട്ടുകാരി ശില്‍പയുടെ വ്‌ളോഗിലൂടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. അച്ഛന് പിറന്നാള്‍ സമ്മാനം കിട്ടിയ ആന, താന്‍ വരച്ച ചിത്രങ്ങള്‍, അച്ഛന്റെ ഓര്‍മ്മകുടീരം, ബുള്ളറ്റ് അങ്ങനെ എല്ലാ ഓര്‍മ്മകളും ശ്രീലക്ഷ്മി പങ്കുവയ്ക്കുന്നുണ്ട്.

അച്ഛന്റെ മരണം നല്‍കിയ വേദനയിലാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കലാഭവന്‍ മണിയുടെ ഏറ്റവും വലിയ ആഗ്രഹം മകളെ ഒരു ഡോക്ടറാക്കണം എന്നതു തന്നെയായിരുന്നു. അങ്ങനെയാണ് രണ്ട് വര്‍ഷത്തോളം കാത്തിരുന്ന് എന്‍ട്രന്‍സ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടിയത്.

മകള്‍ക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കോളജിന് തൊട്ടടുത്ത് ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുകയാണ് അമ്മ നിമ്മി. വല്ലപ്പോഴും അവധിക്ക് മാത്രമാണ് നിമ്മിയും മകളും ചാലക്കുടിയിലെ വീട്ടിലേക്ക് എത്തുന്നത്. അതേസമയം, 2016 മാര്‍ച്ചില്‍ ആയിരുന്നു കലാഭവന്‍ മണി അന്തരിച്ചത്.