110 കോടി പ്രതിഫലം, അതിനൊപ്പം സമ്മാനമായി മറ്റൊരു 100 കോടി കൂടി; രജനികാന്തിന് ചെക്ക് കൈമാറി 'ജയിലര്‍' നിര്‍മ്മാതാവ്

‘ജയിലര്‍’ ചിത്രം ഗംഭീര വിജയമായതോടെ 100 കോടി രൂപ ലാഭവിഹിതമായി രജനികാന്തിന് നല്‍കി സന്തോഷം പ്രകടിപ്പിച്ച് നിര്‍മ്മാതാവായ കലാനിധി മാരന്‍. ചിത്രം 600 കോടി കളക്ഷന്‍ നേടിയതോടെയാണ് സണ്‍പിക്‌ചേഴ്‌സ് ലാഭവിഹിതം കൈമാറിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.

വന്‍തുകയുടെ ചെക്ക് ആണ് കലാനിധി മാരന്‍ സമ്മാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തിയത്. പിന്നാലെയാണ് 100 കോടി രൂപയുടെ ചെക്ക് ആണ് കൈമാറിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തത്. 110 കോടിയാണ് രജനികാന്തിന് നല്‍കിയ പ്രതിഫലം എന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തെത്തിയിരുന്നു.

പുറത്തിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്നു മാത്രം 350 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായും ജയിലര്‍ മാറിയിരിക്കുകയാണ്. ഓഗസ്റ്റ് 10ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

മോഹന്‍ലാലിന്റെയും ശിവരാജ് കുമാറിന്റെയും കാമിയോ റോളുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരും പ്രത്യക്ഷപ്പെട്ട നിമിഷങ്ങള്‍ മാത്രമുള്ള സീനുകള്‍ തിയേറ്ററില്‍ കൈയ്യടികള്‍ നേടിയിരുന്നു. വിനായകന്റെ വര്‍മ്മ എന്ന വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്. തമന്ന, രമ്യ കൃഷ്ണന്‍, വിനായകന്‍, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.