ആദ്യ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രിക്ക്; സ്റ്റാലിനെ കാണാന്‍ നേരിട്ടെത്തി കാളിദാസും ജയറാമും പാര്‍വതിയും

നടന്‍ കാളിദാസിന്റെ ആദ്യ വിവാഹക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ജയറാമും പാര്‍വതിയും കാളിദാസും ചേര്‍ന്നാണ് സ്റ്റാലിനെ ക്ഷണിക്കാനായി പോയത്. സ്റ്റാലിനെ ക്ഷണിക്കുന്ന ചിത്രം കാളിദാസ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

ചെന്നൈയിലെ അറിയപ്പെടുന്ന മോഡലാണ് കാളിദാസിന്റെ ജീവിതസഖിയാകുന്ന തരിണി കലിംഗരായര്‍. കുറച്ചു കാലമായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെയാണ് പ്രണയം പരസ്യമാക്കിയത്. ഉടന്‍ തന്നെ വിവാഹ നിശ്ചയവും നടന്നു.

വിവാഹനിശ്ചയത്തിന് പിന്നാലെ തങ്ങളുടെ പ്രണയകഥ കാളിദാസ് തുറന്നു പറഞ്ഞിരുന്നു. 2021 ഡിസംബര്‍ നാലിന് ഒരു സുഹൃത്തിന്റെ ഗെറ്റ് ടുഗദര്‍ പാര്‍ട്ടിക്കിടെയാണ് തരിണിയെ ആദ്യം കാണുന്നത്. കണ്ടപ്പോഴേ തനിക്ക് മിണ്ടണമെന്ന് തോന്നി. അത് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. അന്ന് പരിചയപ്പെട്ടെങ്കിലും കൂടുതല്‍ സംസാരിച്ചില്ല.

പിന്നീട് ഒരു മെസേജ് ഇട്ടു. അതിന് ശേഷം താന്‍ ന്യു ഇയര്‍ ഗെറ്റ് ടുഗദര്‍ സംഘടിപ്പിച്ചപ്പോള്‍ തരിണി വന്നു. എല്ലാവരും പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ തങ്ങള്‍ രാത്രി മുഴുവന്‍ രാവിലെ ആറ് മണിവരെ സംസാരിച്ചു കൊണ്ടിരുന്നു. ഒരു പ്രണയം വളരണമെങ്കില്‍ രണ്ട് വശത്ത് നിന്നും താല്‍പര്യവും ശ്രമവുമുണ്ടാകണം.

തനിക്കുള്ള ഇഷ്ടം തരിണിയ്ക്ക് തന്നോടുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു. സിനിമയിലെ പോലെ ഐ ലവ് യു എന്ന് പറയലൊന്നും ഉണ്ടായിട്ടില്ലെങ്കിലും പരസ്പരം രണ്ടാള്‍ക്കും മനസിലായി ഇഷ്ടമായെന്ന് എന്നായിരുന്നു കാളിദാസ് പറഞ്ഞത്.

Read more