'കൽക്കി'യിൽ ഞെട്ടിക്കാൻ അന്ന ബെന്നും ശോഭനയും; പ്രതീക്ഷയിൽ മലയാളി പ്രേക്ഷകരും

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’യുടെ ട്രെയ്​ലർ പുറത്തുവന്നതോടുകൂടി വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കികാണുന്നത്. എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിൽ നിന്നും അന്ന ബെൻ, ശോഭന എന്നിവരും ചിത്രത്തിലുണ്ട്. ട്രെയ്​ലറിൽ ഇരുവരെയും കാണാൻ സാധിക്കും. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായെത്തുന്നത്. കലി എന്ന കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്.

സിനിമയെക്കുറിച്ച് ആരാധകർ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും മറ്റ് ചിലർ ഇതിനെ പ്രശസ്ത ചലച്ചിത്ര പരമ്പരയായ സ്റ്റാർ വാർസുമായി താരതമ്യം ചെയ്തിരുന്നു.
സ്റ്റാർ വാർസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൽക്കി നിർമ്മിച്ചതെന്ന കിംവദന്തികളെ തള്ളി സംവിധായകൻ നാഗ് അശ്വിൻ രംഗത്ത് വരികയും ചെയ്തു. താൻ ഒരു യുണിവേഴ്‌സ് നിർമിക്കാനല്ല ശ്രമിക്കുന്നത് എന്നും ഇത് ഒറ്റ സിനിമ ആണെന്നും നാഗ് അശ്വിൻ പറഞ്ഞു.

കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് രചിച്ചിരിക്കുന്നത്.  വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ജൂൺ 27നാണ് കൽക്കി 2898 എ.ഡി. തിയേറ്ററിലത്തുന്നത്.