ഇന്ത്യൻ സിനിമയിൽ ഈ വർഷം റിലീസിനെത്തുന്ന ഏറ്റവും മുതൽമുടക്കുള്ള ചിത്രം പ്രഭാസ് നായകനായെത്തുന്ന കൽക്കി 2898 എഡി ആണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമാണ് കൽക്കി 2898 എഡി. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്. ഈയൊരു മുതൽമുടക്കിനെ പിന്നലാക്കാൻ ഇന്ത്യൻ സിനിമയിൽ മറ്റ് ഭാഷകളിൽ നിന്നും നിലവിൽ മറ്റ് ചിത്രങ്ങൾ ഒന്നും തന്നെയില്ല.
700 കോടി ബജറ്റിൽ ഒരുങ്ങിയ പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് തന്നെയാണ് ഇന്ത്യൻ സിനിമയിൽ എക്കാലത്തെയും വലിയ മുതൽമുടക്ക് അവകാശപ്പെടുന്ന ചിത്രം. എന്നാൽ അതിനേക്കാൾ മുകളിൽ നിൽക്കുന്ന തരത്തിലാണ് കലക്കി എത്തുന്നത് എന്ന് ചിത്രത്തിന്റെ ഓരോ വീഡിയോകളിലൂടെ പോലും മനസിലാക്കും.
എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. തമിഴിലെയും ബോളിവുഡിലെയും താരരാജാക്കന്മാർ എത്തുന്നു എന്നത് കൊണ്ടുതന്നെ വൻ ഹൈപിലാണ് ചിത്രം എത്താൻ ഒരുങ്ങുന്നത്. മലയാളത്തിൽ നിന്ന് ദുൽഖറും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
കൽക്കി 2898 എഡിയുടെ ആദ്യ ദൃശ്യങ്ങൾ പുറത്തിറങ്ങിയത് മുതൽ പ്രേക്ഷകർ ആകാംക്ഷയിലാണ്. വരാനിരിക്കുന്ന സിനിമയിൽ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വേഷങ്ങളിലാണ് താരങ്ങൾ എത്തുന്നത്. സിനിമയെക്കുറിച്ച് ആരാധകർ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും മറ്റ് ചിലർ ഇതിനെ പ്രശസ്ത ചലച്ചിത്ര പരമ്പരയായ സ്റ്റാർ വാർസുമായി താരതമ്യം ചെയ്തിരുന്നു.
സ്റ്റാർ വാർസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൽക്കി നിർമ്മിച്ചതെന്ന കിംവദന്തികളെ തള്ളി സംവിധായകൻ നാഗ് അശ്വിൻ രംഗത്ത് വരികയും ചെയ്തു. താൻ ഒരു യുണിവേഴ്‌സ് നിർമിക്കാനല്ല ശ്രമിക്കുന്നത് എന്നും ഇത് ഒറ്റ സിനിമ ആണെന്നും നാഗ് അശ്വിൻ പറഞ്ഞു.
Read more
കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് നിർമിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഏപ്രിൽ 1 പുറത്തു വിടുമെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.