കല്‍ക്കി 2898 എഡി.. ദ ഗ്രേറ്റ് ഇന്ത്യന്‍ സിനിമ എന്ന വിശേഷണത്തോടെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. മഹാഭാരതം എന്ന ഇന്ത്യന്‍ മിത്തോളജിക്ക് നാഗ് അശ്വിന്‍ ഒരുക്കിയ തുടര്‍ച്ച, അല്ലെങ്കില്‍ സീക്വല്‍. മഹാഭാരത യുദ്ധം നടന്ന് ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് നാഗ് അശ്വിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓപ്പണിംഗ് ഡേ തന്നെ 191.5 കോടി രൂപ കളക്ഷന്‍ നേടിയ സിനിമ, 500 കോടിയും പിന്നിട്ട് 1000 കോടി എന്ന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. 3100 BCയില്‍ നടന്ന കുരുക്ഷേത്ര യുദ്ധവും 2898 ADയില്‍ നടക്കാനിരിക്കുന്ന കലികാലത്തിന്റെ അവസാനവും തമ്മില്‍ കോര്‍ത്തിണക്കി എടുത്ത്, ഗംഭീര വിഷ്വല്‍ ട്രീറ്റ് ആയാണ് നാഗ് അശ്വിന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ലെവല്‍ എന്ന വെറുമൊരു പല്ലവി മാത്രമായിരുന്നില്ല, കല്‍ക്കി കണ്ട പ്രേക്ഷകര്‍ക്ക് ആ അനുഭവം നല്‍കിയിട്ടുണ്ട് നാഗ് അശ്വിനും ടീമും.
ഗംഭീര വിഎഫ്എക്സും ആര്‍ട്ട് വര്‍ക്കും ചേര്‍ത്ത് അത്യന്തം ഭാവനാത്മകമായാണ് നാഗ് അശ്വിന്‍ അവതരിപ്പിച്ചത്. ലോകത്തില്‍ അവശേഷിക്കുന്ന രണ്ട് നഗരങ്ങളാണ് കാശിയും ശംഭാലയും. പ്രതീക്ഷയുടെ നഗരമാണ് ശംഭാല എങ്കില്‍, കാശി നാശത്തിന്റെ വക്കിലാണ്. പ്രകൃതിയും ഭക്ഷണവും ജീവിതവുമെല്ലാം കോംപ്ലക്‌സ് എന്നറിയപ്പെടുന്ന നഗരത്തിലാണ്. ആകാശത്തില്‍ നില്‍ക്കുന്ന തലതിരിഞ്ഞ പിരമിഡ് ഘടനയാണ് കോംപ്ലക്സ് സിറ്റിയുടേത്. പാവപ്പെട്ടവന് അങ്ങോട്ടേക്ക് കടക്കാനാകില്ല. വിമതരുടെ നഗരമാണ് ശംഭാല. നല്ല നാളേയ്ക്ക് വേണ്ടി യാസ്‌കിന്‍ എന്ന രാക്ഷസനെതിരെ പോരാടുന്നവരാണ് ശംഭാലയിലുള്ളവര്‍.
സിനിമയിലെ ഗംഭീര കാസ്റ്റിങ് ആണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും മുന്‍നിര താരങ്ങളില്‍ പലരും കല്‍ക്കിയുടെ ഭാഗമാണ്. മാത്രമല്ല രാജമൗലി, രാം ഗോപാല്‍ വര്‍മ്മ എന്ന സൂപ്പര്‍ സംവിധായകരെയും നാഗ് അശ്വിന്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ടാണ് കല്‍ക്കിയുടെ ആദ്യ ഭാഗം എത്തിയിരിക്കുന്നത്.
ചിത്രത്തില്‍ നായകന്‍ പ്രഭാസ് ആണെങ്കിലും സ്‌കോര്‍ ചെയ്തത് അമിതാഭ് ബച്ചന്‍ ആണ്. അശ്വത്ഥാമാവ് എന്ന ബച്ചന്റെ കഥാപാത്രം തന്നെയാണ് ഷോ സ്റ്റീലര്‍. താരത്തിന്റെ അപാരമായ സ്‌ക്രീന്‍ പ്രസന്‍സും ആക്ഷനും പ്രേക്ഷകരെ ഹരം കൊള്ളിക്കും. മഹാഭാരതത്തിലെ യുദ്ധരംഗം മുതലിങ്ങോട്ട്, വളരെ ഡീറ്റെയ്ലിംഗ് ആയാണ് അശ്വത്ഥമാവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ കല്‍ക്കിയുടെ അവതാരപ്പിറവിക്ക് പിന്നാലെ തന്റെ മോക്ഷകാലത്തിനായി കാത്തിരിക്കുകയാണ് ചിരഞ്ജീവിയായ അശ്വത്ഥാമാവ്. അമിതാഭ് ബച്ചന്റെ എന്‍ട്രിയോടെയാണ് സിനിമ ത്രില്ലിങ് ആവുന്നത്.
ഭൈരവ എന്ന ബൗണ്ടി ഹണ്ടര്‍ ആയാണ് പ്രഭാസ് സിനിമയുടെ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഭൈരവയും അയാളുടെ വാഹനമായ ബുജ്ജിയും സിനിമയുടെ തുടക്കത്തില്‍ പ്രേക്ഷകരെ ലാഗ് അടിപ്പിക്കും. ഭൈരവയുടെ എഐ പവേര്‍ഡ് പറക്കും കാറാണ് ബുജ്ജി. നടി കീര്‍ത്തി സുരേഷ് ആണ് ഈ സെപ്ഷ്യല്‍ കാറിന് ശബ്ദം നല്‍കിയത്. എങ്ങനെയും കുറച്ച് വിമതരെ പിടികൂടെ പോയിന്റ് സമ്പാദിച്ച് കോംപ്ലക്സിനുള്ളില്‍ കയറിക്കൂടുകയാണ് ഭൈരവയുടെ ലക്ഷ്യം. ക്ലൈമാക്സിനോട് അനുബന്ധിച്ചാണ് ശരിക്കും സിനിമയിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നത്. കര്‍ണന്‍ എന്ന ഹീറോ ആയുള്ള പ്രഭാസിന്റെ ശക്തമായ തിരിച്ചുവരവാണ് ക്ലൈമാക്സില്‍. നായകനായി സംവിധായകന്‍ കാത്തുവച്ച സെക്കന്‍ഡ് ഇന്‍ട്രൊയാണ് ഏറെ ശ്രദ്ധ നേടിയതും.
രണ്ടേ രണ്ട് സീനുകളില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും സുപ്രീം യാസ്‌കിന്‍ എന്ന ശക്തനായ വില്ലനായി കമല്‍ ഹാസന്‍ ഞെട്ടിക്കും. സംഭാഷണരീതിയിലും ഗെറ്റപ്പിലും ഈ കഥാപാത്രത്തില്‍ പുതുമ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണ്. 200 വര്‍ഷം പ്രായമുള്ള രാക്ഷസന്‍ ആണ് യാസ്‌കിന്‍. ദൈവത്തിന്റെ കാലം കഴിഞ്ഞതോടെ ആ സ്ഥാനത്ത് ഇപ്പോള്‍ താന്‍ ആണെന്നാണ് യാസ്‌കിന്റെ വിശ്വാസം. സിനിമയുടെ രണ്ടാം ഭാഗത്തിലായിരിക്കും തനിക്ക് കൂടുതല്‍ ചെയ്യാനുള്ളത് എന്ന് വ്യക്തമാക്കി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. കല്‍ക്കിയിലെ മിനുറ്റുകള്‍ മാത്രമുള്ള കമലിന്റെ കഥാപാത്രം ശ്രദ്ധ നേടിയിട്ടുണ്ട്, അതുകൊണ്ട് തന്നെ സുപ്രീം യാസ്‌കിന്‍ ആകും രണ്ടാം ഭാഗം താങ്ങി നിര്‍ത്തുക എന്നത് ഉറപ്പാണ്.
നായകന്‍, വില്ലന്‍, അശ്വത്ഥമാവ് എന്നീ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ പ്രധാന്യം നല്‍കിയിരിക്കുന്നത് സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ്. കല്‍ക്കിയുടെ അമ്മയായ സുമതി എന്ന ശക്തയായ കഥാപാത്രമായാണ് ദീപിക പദുക്കോണ്‍ എത്തുന്നു. എസ് യു എം 80 എന്ന ലാബ് സബ്ജക്ട് ആയാണ് ദീപികയെ സിനിമയുടെ തുടക്കത്തില്‍ അവതരിപ്പിച്ചത്. വളരെ പക്വതയാര്‍ന്ന പ്രകടനമാണ് ദീപികയുടെത്. നടി ശോഭിത ധൂലിപാലയാണ് ദീപികയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത്.
സിനിമയുടെ തുടക്ക ഭാഗത്തില്‍ റൂമിയായി എത്തുന്നത് നടന്‍ രാജേന്ദ്ര പ്രസാദ് ആണ്. കാശിയിലെ കമാന്‍ഡര്‍ ആയ മാനസ് ആയി സ്വസ്ത ഛാറ്റര്‍ജി ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. റോക്സി എന്ന കഥാപാത്രമായി എത്തുന്ന ബോളിവുഡ് താരം ദിഷ പഠാനിക്ക് സിനിമയില്‍ കാര്യമായൊന്നും ചെയ്യാനില്ല.
ശംഭാലയിലെ വിമതര്‍ ആയാണ് ശോഭന, അന്ന ബെന്‍, പശുപതി, ഹര്‍ഷിത് റെഡ്ഡി, കാവ്യ രാമചന്ദ്രന്‍, അയാസ് പാഷ, കേയ നായര്‍ തുടങ്ങിയ താരങ്ങള്‍ എത്തുന്നത്. മറിയം എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ശംഭാലയിലുള്ളവര്‍ ഒരു അവതാര പിറവി സ്വപ്നം കാണുന്നുണ്ട്. സിനിമയില്‍ ശോഭനയുടെ മറിയം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുന്നുണ്ട്. കായ്റ എന്ന കഥാപാത്രമായ അന്ന ബെന്നിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് അടക്കം കൈയ്യടികളും ലഭിക്കുന്നുണ്ട്.
മുഖം കാണിക്കാതെയാണ് കൃഷണ ഭഗാവനെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നടന്‍ കൃഷണകുമാര്‍ അവതരിപ്പിച്ച ഈ കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്. കാലാകാലങ്ങളായി കൃഷ്ണന്റെ യഥാര്‍ത്ഥ നിറമായ കറുപ്പിന് പകരം നീലയാണ് സിനിമകളിലും കഥകളിലും ഉപയോഗിച്ച് വന്നിട്ടുള്ളത്, എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി കൃഷ്ണനെ കറുപ്പായി തന്നെയാണ് നാഗ് അശ്വിന്‍ സ്‌ക്രീനില്‍ കൊണ്ടുവന്നത്. കൃഷണന്‍ മാത്രമല്ല, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, മാളവിക നായര്‍, മൃണാള്‍ ഠാക്കൂര്‍ എന്നീ താരങ്ങളും മിനുറ്റുകള്‍ മാത്രമുള്ള കാമിയോ റോളുകളില്‍ വന്നു പോകുന്നുണ്ട്.
സിനിമ കാണുമ്പോള്‍ നമ്മള്‍ കണ്ടു മറന്ന പല ഹോളിവുഡ് ചിത്രങ്ങളുമായി അവിടെയുമിടയും ഒക്കെ പല സാമ്യങ്ങളും തോന്നും എന്നത് വാസ്തവമാണ്. സ്റ്റാര്‍ വാര്‍സ്, ഡ്യൂണ്‍, ബ്ലാക്ക് പാന്തര്‍ എന്നീ സിനിമകളിലെ പല രംഗങ്ങളുമായി സാമ്യത പ്രേക്ഷകര്‍ക്ക് തോന്നിയേക്കും. എങ്കിലും നാഗ് അശ്വിന്‍ ഒരുക്കിയ ഈ മായക്കാഴ്ച ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന വലിയൊരു സംഭവം തന്നെയാണ്.