ലിജോയുടെ ഫ്രെയ്മില്‍ മോഹന്‍ലാലിന് ഒപ്പം കമല്‍ഹാസനും?

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബന്‍’. 2023ല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

ലിജോ ചിത്രത്തില്‍ കമല്‍ ഹാസന്‍ ഏറെ പ്രാധാന്യമുള്ള അതിഥി വേഷത്തിലാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ‘ഉന്നൈ പോലൊരുവന്‍’ എന്ന സിനിമയില്‍ കമലും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനായി ഒന്നിക്കുമോ എന്ന ആവേശത്തിലാണ് ആരാധകര്‍.

ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക. ലിജോയുടെ ഹിറ്റ് ചിത്രമായ ‘ആമേന്‍’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഈ സിനിമയ്ക്ക് വേണ്ടിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ആമേന് തിരക്കഥയൊരുക്കിയ പിഎസ് റഫീക്ക് ആണ് മോഹന്‍ലാല്‍ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ആമേനിലെ മികച്ച ഗാനങ്ങള്‍ ഒരുക്കിയ പ്രശാന്ത് പിള്ള സംഗീതം നിര്‍വഹിക്കും. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കും.

Read more

ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് ലിജോയുടെതായി തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന ചിത്രം.