മീ ടൂ ക്യാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നവരില്‍ പ്രമുഖനായിരുന്നു കമല്‍ഹാസന്‍. എന്നാല്‍ ഇപ്പോള്‍ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ തന്റെ പരിപാടിയിലേക്ക് ക്ഷണിച്ച നടനെതിരേ കടുത്ത വിമര്‍ശനം ഉയരുന്നു.
കമലിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളില്‍ വൈരമുത്തുവും ഉള്‍പ്പെട്ടതാണ് വലിയ വിമര്‍ശനത്തിന് വഴി തെളിയിച്ചത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കമല്‍ഹാസനെന്ന വ്യക്തിയും നടനും രാഷ്ട്രീയ പ്രവര്‍ത്തകനും കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്ത് വന്നിരിക്കുകയാണ്.
ഗായിക ചിന്‍മയിയാണ് വൈരമുത്തുവിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. കമലിനെ വിമര്‍ശിച്ച് ചിന്‍മയിയും രംഗത്തെത്തിയിട്ടുണ്ട്. പൊതുഇടങ്ങില്‍ നില്‍ക്കുന്ന പീഡകര്‍ക്ക് എങ്ങിനെ പ്രതിച്ഛായ കെട്ടിപ്പടുക്കണമെന്ന് അറിയാം. അതും പൊതുവേദികളില്‍ കരുത്തും പിന്തുണയുമെല്ലാം പ്രദര്‍ശിപ്പിച്ച്. ചിലര്‍ക്ക് പിന്നണിയില്‍ ശക്തരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയുണ്ടായിരിക്കും. ഈയൊരു കാര്യമാണ് വര്‍ഷങ്ങളോളം എന്നെ ഭയചകിതയാക്കിയിരുന്നത്-ചിന്‍മയി ട്വീറ്റ് ചെയ്തു.