ഒച്ചപ്പാടും അലറലും മാത്രം, നോയിസ് ലെവല്‍ 105 ഡെസിബല്‍, തലവേദന വന്നത് വെറുതയല്ല! ഒടുവില്‍ ശബ്ദ നിയന്ത്രണം

മോശം പ്രതികരണങ്ങളാണ് സൂര്യ ചിത്രം ‘കങ്കുവ’യ്ക്ക് ആദ്യ ദിനം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. തലവേദനയുണ്ടാക്കുന്ന തരത്തിലുള്ള അലര്‍ച്ചയും ശബ്ദവുമാണ് സിനിമയില്‍ എന്നതായിരുന്നു ഒരു പ്രധാന വിമര്‍ശനം. കങ്കുവ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലെ നോയിസ് ലെവല്‍ 105 ഡെസിബലിന് അടുത്താണ് എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഈ ലെവലില്‍ ശബ്ദം കേള്‍ക്കുന്നത് കേള്‍വി ശക്തിയെ പോലും ദോഷമായി ബാധിക്കും. സിനിമ കണ്ടിറങ്ങിയ പലരും തലവേദനയായി എന്ന പരാതിയും ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കെ.ഇ ജ്ഞാനവേല്‍ രാജ.

തിയേറ്ററുകളില്‍ സിനിമയുടെ വോളിയം മൈനസ് രണ്ട് ആയി കുറയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് മുതല്‍ പുതിയ സൗണ്ട് ക്വാളിറ്റിയിലാകും സിനിമ എത്തുക എന്ന് ജ്ഞാനവേല്‍ രാജ അറിയിച്ചു. തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമമായ ആകാശവാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് ഇക്കാര്യം വ്യക്തമാക്കിയത്.

ദൃശ്യാനുഭവവുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും തന്നെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നിര്‍മാതാവ് പറഞ്ഞു. അതേസമയം, ചിത്രത്തിന്റെ ശബ്ദവുമായി ബന്ധപ്പെട്ട് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ഈ വിമര്‍ശനം ഉന്നയിച്ചിരുന്നു. നമ്മുടെ ജനപ്രിയ സിനിമകളിലെ ശബ്ദത്തെ കുറിച്ച് ഇത്തരത്തിലൊരു അവലോകനം കാണുമ്പോള്‍ നിരാശയുണ്ടെന്നും തലവേദനയോടെ പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടാല്‍ ഒരു സിനിമയ്ക്കും ആവര്‍ത്തന മൂല്യമുണ്ടാകില്ലെന്നുമാണ് റസൂല്‍ പൂക്കുട്ടി പറഞ്ഞത്.

നെഗറ്റീവ് റിവ്യൂകളാണ് കങ്കുവയ്ക്ക് ലഭിക്കുന്നതെങ്കിലും ബോക്‌സ് ഓഫീസ് കളക്ഷനില്‍ വന്‍ നേട്ടമാണ് ചിത്രം കൊയ്യുന്നത്. 50 കോടിക്ക് മുകളില്‍ കളക്ഷന്‍ സിനിമ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ അജിത്തിനൊപ്പമുള്ള ചിത്രം പൂര്‍ത്തിയായാലുടന്‍ കങ്കുവ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ സംവിധായകന്‍ ശിവ ആരംഭിക്കും. ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസിലാകും രണ്ടാം ഭാഗം വരിക.

Read more