“പട്ടാഭിരാമന്‍” സത്യസന്ധനായ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. നടന്‍ ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് “പട്ടാഭിരാമന്‍”. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍.
“അന്ന”ത്തെ ദൈവമായി കാണുന്ന തലമുറയില്‍പ്പെട്ട ആളാണ് പട്ടാഭിരാമന്‍. 28ാമത് ട്രാന്‍സ്ഫര്‍ വാങ്ങിച്ചാണ് പട്ടാഭിരാമന്‍ തിരുവനന്തപുരത്ത് എത്തുന്നത്, അവിടെ നിന്നാണ് കഥയുടെ തുടക്കം എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. ബൈജു സന്തോഷ് അവതരിപ്പിക്കുന്ന വത്സന്‍ എന്ന കഥാപാത്രവും ധര്‍മജനും ഹരീഷ് കണാരനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും പട്ടാഭിരാനും ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ്. ഈ നാല് കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ചിത്രത്തില്‍ നായികമാരായി എത്തുന്നത് മിയയും ഷീലു അബ്രാഹുമാണ്. പാര്‍വ്വതി നമ്പ്യാര്‍, അനുമോള്‍, മാധുരി എന്നിവര്‍ അവതരിപ്പിക്കുന്ന മറ്റ് പവര്‍ഫുള്‍ സ്ത്രീ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ എല്ലാ സീനിലും ഭക്ഷണം ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഭക്ഷണം ഇല്ലാത്ത ഒരു സീന്‍ പോലും ചിത്രത്തിലില്ല. ഹ്യൂമറില്‍ തുടങ്ങുന്ന ചിത്രം തുടര്‍ന്ന് ത്രില്ലര്‍ ആവുകയും അവസാനം ഒരു സസ്‌പെന്‍സുമുണ്ടെന്ന് സംവിധായകന്‍ പറയുന്നു. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.