വിഷ്ണു മഞ്ചു നായകനാകുന്ന ‘കണ്ണപ്പ’യ്ക്ക് പുതിയ റിലീസ് തീയതി. ഏപ്രില്‍ 25ന് റിലീസ് ചെയ്യാനിരുന്ന സിനിമ ഇനി ജൂണില്‍ മാത്രമേ തിയേറ്ററുകളില്‍ എത്തുകയുള്ളൂ. ജൂണ്‍ 27ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. വിഎഫ്എക്‌സിന്റെ വര്‍ക്കുകള്‍ തീരാത്താതാണ് ചിത്രത്തിന്റെ റിലീസ് നീളാന്‍ കാരണമായിരിക്കുന്നത്. ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.
മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ കാമിയോ വേഷങ്ങളിലെത്തുന്ന ചിത്രമാണ് കണ്ണപ്പ. ‘കിരാത’ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്.
കണ്ണപ്പ എന്ന ശിവഭക്തന്റെ കഥ പറയുന്ന ചിത്രം 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭക്ത കണ്ണപ്പ’യ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് കണ്ണപ്പ ചിത്രം എത്തുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടൈന്‍മെന്റ്‌സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. പ്രീതി മുകുന്ദന്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ചിന്ന.