തിയേറ്ററുകള്‍ ഭരിച്ച് മമ്മൂട്ടി, കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടം; ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി 'കണ്ണൂര്‍ സ്‌ക്വാഡ്', കളക്ഷന്‍ റിപ്പോര്‍ട്ട്

ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’. സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ 50 കോടി കളക്ഷന്‍ നേടി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. റിലീസ് ദിനത്തില്‍ 2.4 കോടി നേടിയത്. പ്രീ റിലീസ് പ്രമോഷന്‍ നല്‍കാതെ എത്തിയ ചിത്രം തിയേറ്ററുകള്‍ ഭരിക്കുകയാണ് ഇപ്പോള്‍.

നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം മമ്മൂട്ടിയും കരിയറിലെ മറ്റൊരു നാഴികകല്ലായി മാറിയിരിക്കുകയാണ്. യഥാര്‍ത്ഥ കണ്ണൂര്‍ സ്‌ക്വാഡ് അംഗങ്ങള്‍ നടത്തിയ ഒരു അന്വേഷണ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

മുഹമ്മദ് ഷാഫിയും റോണി വര്‍ഗീസും ചേര്‍ന്ന് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം. ചിത്രത്തില്‍ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജോര്‍ജ് തലവനായ പ്രത്യേക അന്വേഷണസംഘം കുറ്റവാളികളെ പിടികൂടാനായി കേരളത്തിന് പുറത്ത് അന്വേഷണം നടക്കുന്നതാണ് ചിത്രത്തിന്റെ കഥ.

സുഷിന്‍ ശ്യാം ആണ് സംഗീതം. വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ വിതരണം.