മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഏറ്റവും പുതിയെ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. 18 ദിവസങ്ങൾ കൊണ്ട് 75 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
കണ്ണൂർ സ്ക്വാഡിന്റെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
കേരളത്തിൽ നിന്നുമാത്രം 37 കോടി രൂപയാണ് ചിത്രം നേടിയത്.
ഇതോടുകൂടി മലയാളത്തിലെ ഏറ്റവും മികച്ച കളക്ഷൻ നേടുന്ന സിനിമകളുടെ കൂട്ടത്തിൽ ഏഴാമത് എത്തിയിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ്.2018, പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവ്വം, ആർടിഎക്സ്, കുറുപ്പ് എന്നീ സിനിമകളാണ് കണ്ണൂർ സ്ക്വാഡിന് മുന്നെയുള്ള മലയാള ചിത്രങ്ങൾ.
ഗ്രേറ്റ് ഫാദർ, വെള്ളം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു റോബി വർഗീസ് രാജ്. റോബിയുടെ തന്നെ സഹോദരനായ റോണി ഡേവിഡും മുഹമദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. എ. എസ്. ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സുഷിൻ ശ്യാമാണ് കണ്ണൂർ സ്ക്വാഡിന് സംഗീതം നൽകിയിരിക്കുന്നത്.
ആദ്യ ദിവസം 2.4 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കണ്ണൂർ സ്ക്വാഡിന്റെ വിജയത്തോടനുബന്ധിച്ച് സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകളുമായി വരുന്നത്. റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാന്റെ വേ ഫേറർ ഫിലിംസാണ് കണ്ണൂർ സ്ക്വാഡിന്റെ വിതരണം.