വലിയ പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. കന്നഡയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു.
എല്ലായിടത്തുനിന്നും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് ഋഷഭ് ഷെട്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 16 കോടി മുതൽ മുടക്കിൽ ചിത്രീകരിച്ച കാന്താര 400 കോടി രൂപയോളം കളക്ഷനാണ് ആഗോള തലത്തിൽ ചിത്രം നേടിയത്.
ഒരു നാടോടിക്കഥയിൽ തുടങ്ങി കൃത്യമായ രാഷ്ട്രീയം പറഞ്ഞ കാന്താരയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷക ലോകം. എന്നാൽ രണ്ടാം ഭാഗം വരുന്നത് പ്രീക്വൽ ആയിട്ടാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പഞ്ചുരുളിയുടെ ഉത്ഭവം മുതൽ എ ഡി 300-400 കാലഘട്ടത്തിലെ കഥയാണ് പ്രീക്വലിൽ പറയുന്നത്.
നവംബർ അവസാന വാരം കാന്താര രണ്ടാം ഭാഗത്തിന്റെ പൂജ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 100 കോടി ബഡ്ജറ്റിൽ മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയോട് കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.