തീയേറ്ററുകളില്‍ തരംഗമായി മുന്നേറിയ ഋഷഭ് ഷെട്ടിചിത്രം കാന്താരയ്ക്ക് രണ്ടാംഭാഗം ഉണ്ടായിരിക്കുമെന്ന് അറിയിച്ച് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ്. ഋഷഭ് നായകനായ കന്നഡചിത്രം മലയാളം, ഹിന്ദി, തെലുഗു, തമിഴ് ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു.
ചിത്രത്തിന് ലഭിച്ച വമ്പന്‍ സ്വീകാര്യത തങ്ങള്‍ക്ക് ആവേശമായെന്ന് ഹൊംബാലെ ഫിലിംസിന്റെ സ്ഥാപകനായ വിജയ് കിര ഗണ്ടൂര്‍ പറഞ്ഞു. ചിത്രത്തിന്റെ മുന്‍ഭാഗമോ, പിന്‍ഭാഗമോ ചെയ്യാന്‍ ആലോചനയുണ്ട്. ഇക്കാര്യം ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് വൈകാതെ തീരുമാനമെടുക്കും. തീര്‍ച്ചയായും ‘കാന്താര 2’ വരുകതന്നെ ചെയ്യും -അദ്ദേഹം പറഞ്ഞു.
‘കെ.ജി.എഫ്.’ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30-ന് റിലീസ് ചെയ്ത ചിത്രം വലിയ സ്വീകാര്യത നേടിയതിനെത്തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 16 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം 410 കോടിയോളമാണ് ഇതിനകം വരുമാനമുണ്ടാക്കിയത്. അടുത്ത അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ വിനോദവ്യവസായത്തില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും വിജയ് പറഞ്ഞു.
സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.