കാപ്പാന്‍ മോഷണമൊന്നുമല്ല; കോപ്പിയടി ആരോപണം തള്ളി മദ്രാസ് ഹൈക്കോടതി, പരാതിക്കാരന് എതിരെ മാനനഷ്ടക്കേസ്

മോഹന്‍ ലാല്‍- സൂര്യ ചിത്രം കാപ്പാന് എതിരെയുള്ള കോപ്പിയടി ആരോപണം മദ്രാസ് ഹൈക്കോടതി തള്ളി. പരാതിക്കാരന് എതിരെ മാനനഷ്ടത്തിനു കേസ് നല്‍കുമെന്ന് സംവിധായകന്‍ കെ.വി ആനന്ദ് പറഞ്ഞു. ചിത്രം ഇരുപതിനു തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എഴുത്തുകാരന്‍ ജോണ്‍ ചാര്‍ലി മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കുന്നത്. “സരവെടി”യെന്ന തന്റെ തിരക്കഥയുമായി ചിത്രത്തിനു സാമ്യമുണ്ടെന്നും റിലീസ് തടയണമെന്നുമായിരുന്നു ആവശ്യം. കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് കുമാര്‍ രണ്ടും വ്യത്യസ്തമാണെന്നു കണ്ടെത്തി.

“സരവെടി” എന്ന പേരില്‍ താന്‍ എഴുതിയ തിരക്കഥ മോഷ്ടിച്ചെന്നാണ് ജോണ്‍ ആരോപിച്ചത്. ചിത്രത്തിലെ പല സംഭാഷണങ്ങളും തന്റെ തിരക്കഥിലെ തനി പകര്‍പ്പാണെന്നും ജോണ്‍ പറയുന്നു. ഓഗസ്റ്റ് 20-നാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 2017 ജനുവരിയില്‍, സംവിധായകന്‍ കെ.വി ആനന്ദിന് താന്‍ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും, എന്നാല്‍ ഇതേപ്പറ്റി പിന്നീട് കെ.വി ആനന്ദിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം കാപ്പാന്റെ ടീസര്‍ എത്തിയപ്പോള്‍ തന്റെ തിരക്കഥയുമായുള്ള സാമ്യം ഞെട്ടിക്കുന്നതായിരുന്നെന്നും ജോണ്‍ ഹര്‍ജിയില്‍ പറയുന്നു.

സിനിമ, ടെലിവിഷന്‍, മീഡിയ, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ 10 വര്‍ഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന ഹര്‍ജിക്കാരന്‍, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിക്കുന്നു.

ചെന്നൈ, ഡല്‍ഹി, കുളു മണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായി കാപ്പാന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു.100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍.