മലയാള സിനിമകളുടെ റീമേക്ക് അവകാശങ്ങള്‍ വാരിക്കൂട്ടി കരണ്‍ ജോഹര്‍; 'ഹൃദയം' മാത്രമല്ല ഈ സിനിമകളും ഇനി ഹിന്ദിയില്‍ എത്തും

‘ഹൃദയം’ എന്ന സിനിമയ്ക്ക് പിന്നാലെ വീണ്ടും മലയാള സിനിമകളുടെ റീമേക്ക് അവകാശങ്ങള്‍ സ്വന്തമാക്കി ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നായ ‘ആവേശ’ത്തിന്റെ റീമേക്ക് അവകാശമാണ് കരണ്‍ ജോഹര്‍ വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ തെലുങ്ക് റീമേക്ക് സംബന്ധിച്ച വാര്‍ത്തകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദി റീമേക്കിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എത്തുന്നത്. അതേസമയം, തെലുങ്കില്‍ ഫഹദ് അവിസ്മരണീയമാക്കിയ രംഗ എന്ന കഥാപാത്രമായി നന്ദമൂരി ബാലകൃഷ്ണ എത്തുന്നുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

എന്നാല്‍ ബാലകൃഷ്ണ രംഗ ആകില്ല എന്ന വാര്‍ത്തകളും എത്തിയിരുന്നു. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ആവേശത്തിലെ രംഗയെ പ്രേക്ഷകരും നിരൂപകരും കണക്കാക്കുന്നത്. ജീത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം 154.60 കോടി രൂപയാണ് തിയേറ്ററില്‍ നിന്നും നേടിയത്.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങള്‍ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റര്‍ സ്പൂഫിന്റെയും പശ്ചാത്തലത്തില്‍ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജിതു മാധവന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

Read more