കരൺ ജോഹറിന്റെ വാദം തെറ്റ്; സിനിമ കണ്ടിറങ്ങാൻ ഒരു കുടുംബത്തിന് ചിലവാകുന്നത് 10000 അല്ല, 1560 രൂപയെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ

സിനിമ കണ്ടിറങ്ങാൻ ഒരു നാലം​ഗ കുടുംബത്തിന് ചിലവാകുന്നത് 10000 എന്ന കരൺ ജോഹറിന്റെ വാദം തെറ്റെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. സിനിമ കണ്ടിറങ്ങാൻ ഒരു കുടുംബത്തിന് ചിലവാകുന്നത് 1560 രൂപയാണെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. നേരത്തെ കരൺ ജോഹറിന്റെ വാദം വലിയ ചർച്ചകൾക്ക് ഇടവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണക്കുകൾ നിരത്തി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തിയത്.

നാലം​ഗ കുടുംബത്തിന് സിനിമ കണ്ടുവരാൻ 10,000 രൂപ വേണ്ടിവരുമെനന്നായിരുന്നു കരൺ ജോഹറിന്റെ വാദം. സോയ അക്തർ, വെട്രി മാരൻ, പാ രഞ്ജിത്ത്, മഹേഷ് നാരായണൻ എന്നിവരെ ഉൾപ്പെടുത്തി ഹോളിവുഡ് റിപ്പോർട്ടർ സംഘടിപ്പിച്ച പാനൽ ചർച്ചയിലായിരുന്നു കരൺ ജോഹറിന്റെ കണക്കുകൾ നിരത്തിയുളള പ്രതികരണം. അമിത ടിക്കറ്റ് വില കാരണം ആ​ഗ്രഹമുണ്ടെങ്കിലും സിനിമ കാണാൻ പോകാനാവാത്ത പ്രേക്ഷകരാണ് നമുക്ക് ചുറ്റുമുളളതെന്ന് വിഷയത്തിൽ സോയ അക്തറും പ്രതികരിച്ചിരുന്നു.

എന്നാൽ ഇതിന് പിന്നാലെ പത്തിലൊന്ന് ചെലവ് മാത്രമേ ഒരു കുടുംബത്തിന് സിനിമ കാണാൻ വേണ്ടി വരുന്നുള്ളൂവെന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ അറിയിച്ചു. ‘ഇന്ത്യയിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 130 രൂപയാണ്. ടിക്കറ്റ് നിരക്ക് വ‍ർധിക്കാൻ പണപ്പെരുപ്പം ഉൾപ്പടെ കാരണമായിട്ടുണ്ട്. 2023-2024 കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലസ് ശൃംഖലയായ പി വി ആർ ഇനോക്സിൻ്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മൾട്ടിപ്ലക്സുകളിൽ ഇതേ കാലയളവിൽ ശരാശരി 132 രൂപ വരെയാണ് ഭക്ഷണവിഭവ നിരക്കിൽ ഒരാളുടെ ചെലവ്. ഒരു നാലം​ഗ കുടുംബത്തിന് സിനിമ കാണാൻ ചിലവാകുന്നത് 10,000 അല്ലെന്നും 1560 രൂപയാണ് ചെലവെന്നും മൾട്ടിപ്ലക്സ് അസോസിയേഷന്റെ പ്രസ്താവനയിൽ പറയുന്നു.

Read more