കാര്‍ത്തിയ്ക്കു ശേഷം തമിഴിലെ മറ്റൊരു സൂപ്പര്‍ താരത്തിനൊപ്പം നാഗാര്‍ജുന

തെലുഗ് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയും തമിഴ് താരം ധനുഷും പുതിയ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴിലും തെലുഗിലുമായി ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് ഇരുവരുമെന്ന് റിപ്പോര്‍ട്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ധനുഷ് ഹൈദരാബാദില്‍ നാഗാര്‍ജ്ജുനയെ കാണാന്‍ എത്തിയിരുന്നെന്നും അവര്‍ തമ്മില്‍ സംസാരിച്ചത് ഈ പുതിയ പ്രോജക്ടിനെപ്പറ്റിയാണെന്നും വാര്‍ത്തകള്‍ പറയുന്നു.

തെലുഗ് , തമിഴ് എന്നീ ഭാഷകളിലാണ് ഈ ചിത്രമൊരുക്കുന്നത്. സംവിധായകനാരായിരിക്കുമെന്നും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ ആരൊക്കെയായിരിക്കുമെന്നും തുടങ്ങിയ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്തായാലും താമസിയ്ക്കാതെ ഇതു സംബന്ധിച്ച അവസാന തീരുമാനമുണ്ടാകുമെന്നാണ് വിവരം.

മുന്‍പ് മറ്റൊരു തമിഴ് സൂപ്പര്‍ താരം കാര്‍ത്തിയോടൊപ്പം ഊപ്പിരി എന്ന ചിത്രത്തില്‍ നാഗാര്‍ജുന പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രം തോഴ എന്ന പേരില്‍ തമിഴിലെത്തിയപ്പോള്‍ തമിഴ്‌പ്രേക്ഷകരില്‍ നിന്നു മികച്ച സ്വീകരണമാണ് ലഭിച്ചത്. അതേസമയം ശ്രീറാം ആദിത്യയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നാനിയ്‌ക്കൊപ്പം അഭിനയിക്കാനൊരുങ്ങുകയാണ് നാഗാര്‍ജുന.