ധ്രുവങ്ങള്‍ പതിനാറിലൂടെ വിസ്മയിപ്പിച്ച യുവസംവിധായകന്‍ കാര്‍ത്തിക് നരേന്‍ നരകാസുരന്‍ എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഗൗതം മേനോനെതിരെ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.
ഇതിന് ശേഷം കാര്‍ത്തികിന്റെയോ ഗൗതം മേനോന്റെയും സിനിമകള്‍ പുറത്തിറങ്ങിയിട്ടില്ല. ഗൗതം മേനോന്റെ എന്നൈ നോക്കി പായും തോട്ടൈ, ധ്രുവനച്ചത്തിരം എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. അതില്‍ എന്നൈ നോക്കി പായും തോട്ട നവംബര്‍ 15 ന് പുറത്തിറങ്ങുമെന്നാണ് ഗൗതം മേനോന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കാര്‍ത്തികിന്റെ നരകാസുരന്‍ പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം റിലീസ് അനിശ്ചിതത്വത്തിലാണ്.
ഇപ്പോഴിതാ ധ്രുവനച്ചത്തിരവുമായി ബന്ധപ്പെട്ട് ഗൗതം മേനോന്‍ പങ്കുവച്ച ഒരു ട്വീറ്റിന് കാര്‍ത്തിക് നരേന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ 60 ദിവസത്തിനുള്ളില്‍ അവസാനിക്കുന്നുമെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് കാര്‍ത്തിക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.
സാര്‍ ഇത് (നരകാസുരന്‍) എന്ന് വെളിച്ചം കാണുമെന്ന് ഒരു വ്യക്തത നല്‍കിയിരുന്നുവെങ്കില്‍ വളരെ ഉപകാരം സാര്‍. ഈ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്- കാര്‍ത്തിക് നരേന്‍ കുറിച്ചു.