ശ്യാം പ്രസാദ്
മലയാള സിനിമയുടെ ചരിത്രത്തിലുടനീളം കലാപരമായും ആഖ്യാനപരമായും നിരവധി പരീക്ഷണങ്ങൾ നടത്തിവന്ന കാലഘട്ടമുണ്ടായിട്ടുണ്ട്. എന്നാൽ പതിവ് വാർപ്പുമാതൃകകളിൽ നിന്ന് മാറ്റമില്ലാതെയും മലയാള സിനിമ നിരന്തരം സഞ്ചരിച്ചിട്ടുണ്ട്. സമകാലിക മലയാള സിനിമയിൽ ഭൂരിപക്ഷ ചിത്രങ്ങളും അത്തരം വാർപ്പുമാതൃകകൾക്കുള്ളിൽ നിന്നുകൊണ്ടാണ് കഥകൾ പറയുന്നത്.
‘കുടുംബം- കുടുംബ സിനിമ’ എന്ന ലേബലിൽ ഇറങ്ങുന്ന സിനിമകൾ, ഭൂരിപക്ഷ പ്രേക്ഷകനെ തൃപ്തിപ്പെടുത്താനുള്ള ഒരു ചട്ടക്കൂടാണ് എല്ലാകാലത്തും. അവിടെയാണ് ജിയോ ബേബി എന്ന സംവിധായകൻ മലയാളത്തിൽ എപ്പോഴും വേറിട്ട് നിൽക്കാൻ ശ്രമിക്കുന്നത്. തന്റെ രണ്ടാമത്തെ സിനിമയായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിലൂടെ ഈ പറഞ്ഞ സാമ്പ്രദായിക ‘സവർണ്ണ’ കുടുംബ ബന്ധങ്ങളെ ജിയോ പച്ചക്ക് പൊളിച്ചു കാട്ടിയിട്ടുണ്ട്. കാതലിലേക്ക് വരുമ്പോഴും ഇത്തരം വാർപ്പുമാതൃകകളെയും വ്യവസ്ഥിതികളെയും ജിയോ ബേബി ചോദ്യം ചെയ്യുന്നു.
ജിയോ ബേബിയുടെ മറ്റ് സിനിമകളെവെച്ചു നോക്കുമ്പോൾ കുറച്ചുകൂടി വലിയ ക്യാൻവാസ് കാതൽ എന്ന സിനിമയ്ക്കുണ്ടെന്ന് നമ്മുക്ക് കാണാം. നായകനായി മമ്മൂട്ടി എത്തുന്നു. തമിഴിൽ നിന്നും ജ്യോതിക, മമ്മൂട്ടി കമ്പനിയുടെ അടുത്ത നിർമ്മാണ സംരംഭം. അങ്ങനെ എല്ലാം കൊണ്ടും സിനിമ കുറച്ചുകൂടി വലുതാണ്.
‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന സിനിമ കണ്ടിട്ട് ഒന്നോ രണ്ടോ ഡിവോഴ്സ് കൂടുതൽ നടന്നാൽ താൻ സന്തോഷവാനാണ് എന്നൊരിക്കൽ ജിയോ ബേബി പറഞ്ഞിട്ടുണ്ട്.
കാതലിലേക്ക് വരുമ്പോൾ അവിടെയും ഈ പറയുന്ന ഡിവോഴ്സ് എന്നത് ഒരു മുഖ്യ വിഷയമായി തന്നെ കാണാൻ സാധിക്കുന്നുണ്ട്. പക്ഷേ അത് മറ്റൊരു തരത്തിലാണെന്ന് മാത്രം.
മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസി തന്നെയാണ് കാതലിന്റെ ‘കാതൽ’. സിനിമയിലേക്ക് വരുമ്പോൾ കഥാപാത്രങ്ങളെല്ലാം ഏകാന്തരും, വ്യത്യസ്തമായ മാനസിക വ്യഥകളാൽ ചുറ്റപ്പെട്ടവരും ആണെന്ന് കാണാൻ കഴിയും. സിനിമയിലുടനീളം നിലനിൽക്കുന്ന ഒരു നിശബ്ദതയുണ്ട്. അതാണ് പ്രേക്ഷനെ സിനിമയിലേക്ക് അടുപ്പിക്കുന്ന ഒരു പ്രധാന ഘടകം. തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണയത്തിലാണ് സിനിമ കാര്യങ്ങളിലേക്ക് കടക്കുന്നത്.
കൃത്യമായി ജാതി പ്രാതിനിധ്യം ഉറപ്പിക്കാൻ മാത്യു ദേവസിയെ തന്നെ ഇടത് സ്വതന്ത്രനായി പാർട്ടി വാർഡിൽ മത്സരിപ്പിക്കുന്നു. എന്നാൽ നീണ്ട ഇരുപത് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ മാത്യു ദേവസിയുടെ ഭാര്യ ഓമന കൊടുക്കുന്ന ഡിവോഴ്സ് പെറ്റീഷൻ കാര്യങ്ങൾ ആകെ കുഴപ്പത്തിലാക്കുന്നു. പിന്നീട് സിനിമ സഞ്ചരിക്കുന്നത് ഓരോ കഥാപാത്രങ്ങളുടെയും ആന്തരിക സംഘർഷങ്ങളിലൂടെയാണ്. അവർ ചിന്തിക്കുന്നു. അനുമാനിക്കുന്നു. പശ്ചാത്തപിക്കുന്നു. ക്ഷമാപണം നടത്തുന്നു. തിരുത്തലുകൾ നടത്തുന്നു. മുന്നോട്ട് പോവുന്നു. കാരണം ജീവിതം ആർക്ക് വേണ്ടിയും കാത്തുനിൽക്കുന്നില്ലെന്ന് അവർക്കറിയാം. ഒരു വേർപിരിയലിനിപ്പുറം ഒരു ലൈം കുടിച്ച് സന്തോഷത്തോടെ മറ്റൊരു ജീവിതം തുടങ്ങാനും സിനിമയിലെ സാധാരണക്കാരായ മനുഷ്യർക്ക് കഴിയുന്നുണ്ട്.
വ്യക്തി സ്വാതന്ത്ര്യത്തെ പറ്റിയും ചോയിസുകളെ പറ്റിയും വ്യക്തമായി സിനിമ സംസാരിക്കുന്നുണ്ട്. എന്നാൽ സിനിമയിലെ ക്വിയർ രാഷ്ട്രീയം ലൗഡ് ആയി സംസാരിക്കാതെ തന്നെ പ്രേക്ഷകനിലേക്ക് കൃത്യമായി എത്തുന്നുണ്ട്. മാത്യു ദേവസിയായി ഗംഭീര പ്രകടനം തന്നെയാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്. വളരെ കയ്യടക്കത്തോടെ സൂപ്പർ താര ബാധ്യതകൾ ഇല്ലാത്ത കേവലമൊരു നടനായി അയാളെ സ്ക്രീനിൽ അതിഗംഭീരമായി കാണാൻ സാധിക്കുന്നു. ഈ വർഷം പുറത്തിറങ്ങിയ നൻപകൽ നേരത്ത് മയക്കത്തിലെ ജെയിംസിനെ(സുന്ദരം) പോലെ, കണ്ണൂർ സ്ക്വാഡിലെ ജോർജ് മാർട്ടിനെ പോലെയും മാത്യു ദേവസിയായി അയാൾ കാതലിലും ജീവിക്കുന്നു.
ചിത്രത്തിലെ ഓരോ കഥാപാത്രവും കൃത്യമായ കയ്യടക്കത്തോടെയാണ് സ്ക്രീനിൽ വന്നുപോവുന്നത്. ജ്യോതിക ആയിക്കോട്ടെ മക്കളുടെ കഥാപാത്രം അവതരിപ്പിച്ച കുട്ടികൾ ആവട്ടെ എല്ലാം മികച്ച പ്രകടനം തന്നെയായിരുന്നു. പ്രത്യേകിച്ച് തങ്കച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോഴിക്കോടിന്റെ പ്രകടനവും മമ്മൂട്ടിയുടെ അച്ഛനായി അവതരിപ്പിച്ച ആർ. എസ് പണിക്കരുടെ കഥാപാത്രവും എടുത്തുപറയേണ്ട രണ്ട് കഥാപാത്രങ്ങളാണ്. ചുരുങ്ങിയ സമയം കൊണ്ട് എത്ര ഗംഭീരമായാണ് അവർ സിനിമയിൽ ജീവിച്ചത്.
(സ്പോയിലർ അലെർട്ട്: സിനിമ കാണാത്തവർ തുടർന്നുള്ള രണ്ട് പാരഗ്രാഫുകൾ വായിക്കാതെയിരിക്കുക)
മനുഷ്യന്റെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പുകൾ പലപ്പോഴും തെറ്റായിരിക്കാം. പക്ഷേ ഒരു മനുഷ്യൻ അത് മനസിലാക്കി തിരുത്തി വരുമ്പോഴേക്കും ഒരുപാട് കാലം കഴിഞ്ഞിട്ടുണ്ടാവും. ഒരു വലിയ ജീവിതം തന്നെ ജീവിച്ചു തീർക്കാൻ കഴിയുന്ന അത്രയും വലിയൊരു കാലം. ഏത് മനുഷ്യനാണ് ഇവിടെ കൃത്യമായി ചോയിസുകൾ ഉള്ളത്? ഒരാളുടെ ചോയിസുകൾ എല്ലാകാലത്തും കൃത്യമായും പുരുഷ-പിതൃ കേന്ദ്രീകൃത വ്യവസ്ഥയിൽ നിന്നും രൂപം കൊള്ളുന്നതാണെന്ന് കൃത്യമായി പറയാൻ കഴിയും. അതിൽ സമൂഹവും പുരുഷനും പ്രധാന പങ്കാളികളാവുന്നു. എന്നാൽ ഇത്തരം വ്യവസ്ഥിതികൾക്ക് പുറത്തു നിൽക്കുന്ന മനുഷ്യരെ പറ്റി എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ? ക്വിയർ മനുഷ്യരെ പറ്റി ലൈംഗിക ന്യൂനപക്ഷങ്ങളെ പറ്റ? സ്ത്രീകളെ പറ്റി, അടിസ്ഥാന ജനവിഭാഗങ്ങളെ പറ്റി.
സ്വന്തമായി ചോയിസുകളും നിലപാടുകളും രാഷ്ട്രീയവും ഉണ്ടായിട്ടും അതൊന്നും ജീവിതത്തിൽ പാലിക്കാൻ കഴിയാതെ പോയ ക്വിയർ മനുഷ്യരെ സിനിമ ഒരു പരിധിവരെ കൃത്യമായി അടയാളപ്പെടുത്തുന്നു എന്ന് തന്നെയാണ് ആദ്യ കാഴ്ചയിലെ എന്റെ അനുഭവം. താൻ ഗേ ആണെന്ന് ചെറുപ്പം തൊട്ടേ സ്വന്തം അച്ഛന് അറിയാമായിരുന്നിട്ടും, ഒരു കല്ല്യാണം കഴിച്ചാൽ മാറാവുന്നതേയൊളളൂ ഇതൊക്കെ എന്നുള്ള ഭൂരിപക്ഷ ഹെട്രോനോർമെറ്റീവ് നിലപാടുകൾ നിലനിൽക്കുന്നത് കൊണ്ട് തന്നെയാണ് ഒരുപാട് മനുഷ്യർക്ക് സ്വന്തം ഐഡന്റിറ്റി തിരിച്ചറിഞ്ഞിട്ടും പുറത്തുവരാൻ സാധിക്കാത്തത്. ഇനിയിപ്പോൾ പുറത്തുവന്നാലും സമൂഹം ക്വിയർ മനുഷ്യരെ നോക്കികാണുന്നത് വികൃതമായി തന്നെയാണ്. അത്തരം ഹെട്രോ നോർമേറ്റീവ് നോട്ടങ്ങൾക്ക് കാതലിന് ശേഷമെങ്കിലും മാറ്റമുണ്ടാവട്ടെ. സിനിമകൾ വിപ്ലവം സൃഷ്ടിക്കട്ടെ!
കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടു തന്നെ സിനിമ ഇതിനോടകം ചർച്ചകളിൽ ഇടം നേടിയിരുന്നു. ഗോവയിലെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്നാണ് ചിത്രത്തിൻറെ പ്രദർശനം. ഫിലിം ഫെസ്റ്റിവൽ പ്രദർശനത്തിന് ശേഷം എന്തയാലും സിനിമയുടെ പ്രമേയം സാധാരണക്കാരനിലേക്ക് എത്തും എന്നുള്ളത് കൊണ്ട്തന്നെ ആദ്യം തിയേറ്റർ റിലീസ് വെച്ച അണിയറപ്രവർത്തകർ കയ്യടി അർഹിക്കുന്നുണ്ട്. സമീപകാലത്ത് പുറത്തിറങ്ങിയ നെയ്മർ, ആർഡിഎക്സ് എന്നീ സിനിമയ്ക്ക് തിരക്കഥയെഴുതിയ പോൾസണും ആദർശ് സുകുമാരനും കാതലിലേക്ക് വരുമ്പോൾ വലിയ മാറ്റമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. മാത്യു പുളിക്കന്റെ സംഗീതവും സിനിമയുടെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ വലിയ പങ്കുണ്ട്. വളരെ പതിഞ്ഞ താളത്തിലുള്ള പശ്ചാത്തല സംഗീതം ഇടയ്ക്ക് പ്രതീക്ഷിക്കാത്ത ഒരു പെരുമഴപോലെ പ്രേക്ഷന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.
കാതലിലൂടെ മമ്മൂട്ടി എന്ന നടൻ മലയാള സിനിമ പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കുവാനുള്ള മിനിമം ഗ്യാരണ്ടി തരുന്ന ഒരു നടനായി മാറുന്നു. മമ്മൂട്ടി കമ്പനിയും അത് തന്നെ. അത് മലയാള സിനിമയ്ക്ക് നൽകുന്ന ഒരു പ്രതീക്ഷ തന്നെയാണ്.
മലയാളത്തിൽ ഇതുവരെ അധികമാരും കൈവെക്കാത്ത വിഷയം ആയിരിക്കുമ്പോഴും സിനിമയുടെ കഥാഗതിയും ക്ലൈമാക്സും ഒരു ഘട്ടം കഴിയുമ്പോൾ പ്രഡിക്റ്റബിൾ ആയി മാറിപോയി എന്നത് മാത്രമാണ് സിനിമയിൽ തോന്നിയ പ്രധാന പോരായ്മ. എന്നാലും സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടും അവതരിപ്പിച്ച രീതികൊണ്ടും കാതൽ കയ്യടി അർഹിക്കുന്നുണ്ട്.കൂടെ ജിയോ ബേബി എന്ന സംവിധായകന്റെ വളർച്ചയും കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമയായി മാറുന്നു കാതൽ.
Read more
ഗംഭീര സിനിമാനുഭവമാണ് കാതൽ പ്രേക്ഷകന് നൽകുന്നത്. കഥാപാത്രങ്ങളുടെ നിശബ്ദതയിലൂടെയും തിരിഞ്ഞുനോട്ടങ്ങളിലൂടെയും പ്രേക്ഷകനെയും കൂടെ കൊണ്ടുപോകുന്ന മലയാള സിനിമയിലെ നവ്യമായ സിനിമാനുഭവം. മമ്മൂട്ടിക്കും ജിയോ ബേബിക്കും കാതലിനും അഭിവാദ്യങ്ങൾ.