കീര്‍ത്തിയും അനിരുദ്ധ് രവിചന്ദറും പ്രണയത്തില്‍? വിവാഹം ഉടന്‍? വാര്‍ത്തകളോട് പ്രതികരിച്ച് താരത്തിന്റെ പിതാവ്

കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കീര്‍ത്തിയും തമ്മില്‍ പ്രണയത്തിലാണെന്നും ഈ വര്‍ഷം തന്നെ വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ് കീര്‍ത്തിയുടെ പിതാവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍.

ഈ പ്രചാരണങ്ങളില്‍ യാതൊരു സത്യവുമില്ല. ഇത് മൂന്നാം തവണയാണ് മകളുടെ പേരില്‍ വ്യാജ വിവാഹ വാര്‍ത്തകള്‍ വരുന്നതെന്നും സുരേഷ് കുമാര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. അനിരുദ്ധ് രവിചന്ദറിനൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രങ്ങള്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുന്നു എന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

കീര്‍ത്തിയും അനിരുദ്ധും ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. വൈ ദിസ് കൊലവെറി ഗാനം ഒരുക്കി ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. കത്തി സിനിമയിലെ സെല്‍ഫി പുള്ള എന്ന ഗാനവും മാസ്റ്ററിലെ വാത്തി കമ്മിംഗ് എന്നിങ്ങനെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് അനിരുദ്ധ്.

Read more

അതേസമയം, കീര്‍ത്തി സുരേഷിന് കൈ നിറയെ ചിത്രങ്ങളാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഗുഡ് ലക്ക് സഖി, അണ്ണാത്തെ എന്നിങ്ങനെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് കീര്‍ത്തിയുടെതായി റിലീസിന് ഒരുങ്ങുന്നത്. മഹേഷ് ബാബു നായകനാകുന്ന സര്‍കാരു വാരി പാട സിനിമയുടെ ഷൂട്ടിംഗിനായി ദുബൈയിലാണ് കീര്‍ത്തി ഇപ്പോള്‍.