ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേരള പൊലീസ് ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ചുരുളി’ കാണുന്നു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു.
എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ നസീം എന്നിവര്‍ അടങ്ങുന്ന സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സിനിമ കാണുക. സിനിമ കണ്ടതിന് ശേഷം റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും.
ചുരുളി ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി കുറച്ച് ദിവസം മുന്‍പ് ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ചിത്രം പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് വഴി സെന്‍സര്‍ ബോര്‍ഡ് ക്രിമിനല്‍ നടപടിക്രമം ലംഘിക്കുകയായിരുന്നു എന്നാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്. എന്നാല്‍ സിനിമ തിയേറ്ററുകളില്ല ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്. അതിനാല്‍ ആരെയും നിര്‍ബന്ധിച്ച് സിനിമ കാണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.