സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനായുള്ള സിനിമകളുടെ പട്ടിക തയാറായി. സൂപ്പര്‍താരങ്ങളുടെത് അടക്കം 154 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിക്കുന്നത്. ഇത്രയധികം സിനിമകള്‍ മത്സരിക്കുന്നത് റെക്കോര്‍ഡ് ആണ്. കഴിഞ്ഞ വര്‍ഷം 142 സിനിമകളും അതിന് മുമ്പ് കൊവിഡ് കാലത്ത് 80 സിനിമകളുമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.
രണ്ട് പ്രാഥമിക ജൂറികള്‍ 77 സിനിമകള്‍ വീതം കണ്ടാണ് വിലയിരുത്തുക. അതില്‍ നിന്ന് മുപ്പത് ശതമാനം സിനിമകള്‍ മാത്രമാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് വിടുക. ഈ മാസം അവസാനത്തോടെ ജൂറിയെ തീരുമാനിച്ച് മെയ് ആദ്യവാരമാണ് സ്‌ക്രീനിങ് ആരംഭിക്കുക. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നാല് സിനിമകള്‍ വീതമാണ് ഇത്തവണ മത്സരിക്കുന്നത്. മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ഭീഷ്മ പര്‍വം, റോഷാക്ക്, പുഴു എന്നീ സിനിമകളാണ് മത്സരരംഗത്തുള്ളത്.
മോഹന്‍ലാലിന്റെ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍, മോണ്‍സ്റ്റര്‍ എന്നീ സിനിമകളും മത്സരരംഗത്തുണ്ട്. ഇതിനോടൊപ്പം പൃഥ്വിരാജിന്റെ ജനഗണമന, കടുവ, കാപ്പ, തീര്‍പ്പ്, ഗോള്‍ഡ്, കുഞ്ചാക്കോ ബോബന്റെ ന്നാ താന്‍ കേസ് കൊട്, അറിയിപ്പ്, പകലും പാതിരാവും എന്നിവയും പട്ടികയിലുണ്ട്. ഉണ്ണി മുകുന്ദന്റെ ഏറെ ശ്രദ്ധ നേടിയ മാളികപ്പുറം, ഷെഫീക്കിന്റെ സന്തോഷം എന്നീ സിനിമകളും മത്സരത്തിന് ഇറങ്ങുന്നുണ്ട്. ജയ ജയ ജയ ജയഹേ, പാല്‍തു ജാന്‍വര്‍ എന്നീ ബേസില്‍ ജോസഫ് സിനിമകളും മത്സരിക്കുന്നുണ്ട്.
തിയേറ്ററിലും ഒ.ടി.ടിയിലും റിലീസ് ചെയ്ത സിനിമകളേക്കാള്‍ കൂടുതല്‍ ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത സിനിമകളാണ് മത്സരംഗത്തുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലും റിലീസ് ചെയ്യാത്ത പല സിനിമകള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. സുരേഷ് ഗോപിയുടെ പാപ്പന്‍ മേം ഹൂ മൂസ എന്നീ സിനിമകളും മത്സരിക്കുന്നുണ്ട്. ആസിഫ് അലി പൊലീസ് വേഷത്തില്‍ എത്തിയ കൂമന്‍, കുറ്റവും ശിക്ഷയും എന്നീ സിനിമകളും ലിസ്റ്റിലുണ്ട്.
Read more
ആയിഷ, രോമാഞ്ചാം, ജോണ്‍ ലൂഥര്‍, ഇലവീഴാപൂഞ്ചിറ, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, പത്താം വളവ്, പത്തൊമ്പതാം നൂറ്റാണ്ട്, ഒരു തെക്കന്‍ തല്ലു കേസ്, നാലാം മുറ, മലയന്‍കുഞ്ഞ്, പടവെട്ട്, തല്ലുമാല, ശ്രീ ധന്യ കാറ്ററിംഗ് സര്‍വീസ്, അപ്പന്‍ എന്നീ സിനിമകളും ജയരാജ്, സത്യന്‍ അന്തിക്കാട്, വിനയന്‍, ടി.കെ രാജീവ് കുമാര്‍ തുടങ്ങിയ പരിചയസമ്പന്നരായ സംവിധായകരും മത്സരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഏതൊക്കെ സിനിമകള്‍ ആയിരിക്കും അവസാന റൗണ്ടില്‍ എത്തുക എന്നതില്‍ ഉറപ്പില്ല.