സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പോരാട്ടം മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍; 84 പുതുമുഖ സംവിധായകരുടെ സിനിമകളും മത്സരത്തില്‍

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും. പുതുമുഖ നടന്മാരും മികച്ച നടനുള്ള മത്സരരംഗത്തുണ്ട്. 160 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്നത്. ഈ മാസം 20ന് ഉള്ളില്‍ അവാര്‍ഡ് പ്രഖ്യാപിക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം.

മത്സരിക്കുന്ന 160 സിനിമകള്‍ 84 എണ്ണം പുതുമുഖ സംവിധായകരുടെതാണ്. മമ്മൂട്ടിയുടെ രണ്ട് സിനിമകളും മോഹന്‍ലാലിന്റെ ഒരു സിനിമയും മത്സരിക്കുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍ ദി കോര്‍’, റോബി വര്‍ഗീസ് രാജിന്റെ ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍.

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തിയ ‘നേര്’ ആണ് മോഹന്‍ലാലിന്റെതായി മത്സരിക്കുന്നത്. ബ്ലെസിയുടെ സംവിധാനത്തില്‍ എത്തിയ ‘ആടുജീവിത’ത്തിലെ അഭിനയമാണ് പൃഥിരാജിനെ മത്സരത്തിന്റെ മുന്‍നിരയിലെത്തിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’, ദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥന്‍’, ഉര്‍വശിയും പാര്‍വതി തിരുവോത്തും ഒന്നിച്ച ക്രിസ്റ്റോ ടോമിയുടെ ‘ഉള്ളൊഴുക്ക്’ എന്നീ സിനിമകളും മത്സരത്തിനുണ്ട്. ജൂറിയുടെ ആദ്യഘട്ട അവാര്‍ഡ് നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മത്സരത്തിനുള്ള ആകെ സിനിമകളില്‍ നിന്നും 30 ശതമാനമാണ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്. രണ്ട് പ്രാഥമിക സമിതികള്‍ 80 സിനിമകള്‍ വീതം കണ്ട് തീരുമാനിക്കുന്ന 30 ഓളം സിനിമകള്‍ അന്തിമജൂറി വിലയിരുത്തിയാണ് അവാര്‍ഡ് പ്രഖ്യാപിക്കുക.

Read more