യഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2വിന്റെ കളക്ഷന്‍ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ 1200 കോടി രൂപയിലേക്ക് അടുക്കുകയാണ്. 26 ദിവസം കൊണ്ട് 1150 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം പുതിയൊരു ചരിത്രം കൂടി കുറിക്കാന്‍ ഏതാനും ദിവസങ്ങള്‍മാത്രം മതിയാകും. ആമിര്‍ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷനും ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി കെജിഎഫ് മാറിയിരിക്കുകയാണ്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്: ചാപ്റ്റര്‍ 2 ഏപ്രില്‍ 14നാണ് തിയേറ്ററുകളില്‍ എത്തിയത്. കെജിഎഫ്: ചാപ്റ്റര്‍ 2 25 ദിവസം കൊണ്ട് ലോകമെമ്പാടുമായി 1154.80 കോടി രൂപ കളക്ഷന്‍ നേടി ബോക്സ് ഓഫീസില്‍ ഇടം നേടിയിരുന്നു. ഇതേ കളക്ഷന്‍ തുടര്‍ന്നാല്‍ അടുത്ത വാരാന്ത്യത്തിനുള്ളില്‍ ചിത്രം 1200 കോടി രൂപ പിന്നിടും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
യഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.