ഷാരൂഖ് ഖാന്റെ ജവാൻ തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ, സിനിമ വീണ്ടും വാർത്തകളിലിടം നേടുകയാണ്. ഇപ്പോഴിതാ സിനിമയെയും സംവിധായകൻ അറ്റ്ലിയെയും ഷാരൂഖ് ഖാനേയും പ്രശംസിക്കുകയാണ് ഡോ. കഫീൽ ഖാൻ. സിനിമയെ പ്രശംസിച്ചുകൊണ്ടുള്ള ഡോ. കഫീൽ ഖാന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ചിത്രത്തിൽ സർക്കാർ ആശുപത്രിയിലെ ഓക്സിജൻ ലഭ്യതക്കുറവ് കാരണം 63 കുട്ടികൾ മരണപ്പെടുന്ന രംഗമുണ്ട്. ഉത്തർപ്രദേശിലെ ഖൊരഖ്പൂർ ആശുപത്രി ദുരന്തത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.സന്യ മൽഹോത്ര അവതരിപ്പിച്ച കഥാപാത്രം ഡോ. കഫീൽ ഖാനുമായി സാമ്യമുണ്ട്.
താൻ സിനിമ കണ്ടില്ലെന്നും, എന്നാൽ സിനിമ കണ്ട ധാരാളം മനുഷ്യർ തന്നെ ഓർത്തുവെന്നും പറഞ്ഞ് മെസ്സേജ് അയച്ചിരുന്നു.എന്നാൽ സിനിമയും യഥാർത്ഥ ജീവിതവും തമ്മിൽ ഒരുപാട് അന്തരങ്ങളുണ്ടെന്നും, സിനിമയിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടെന്നും, ജീവിതത്തിൽ താനും ആ കുടുംബാംഗങ്ങളും ഇപ്പോഴും നീതി തേടി അലയുകയാണെന്നും കഫീൽ ഖാൻ കുറിപ്പിൽ പറയുന്നു.
2017 ഓഗസ്റ്റിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിക്കുന്നത്. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കഫീൽ ഖാനെ സസ്പെന്റ് ചെയ്യുകയും 9 മാസം തടവിലാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഐ. എ. എസ് ഉദ്യോഗസ്ഥൻ ഹിമാൻഷു കുമാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും,അതിലെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിരുന്നില്ല. പുറത്തിറങ്ങിയ ശേഷം സംഭവത്തെ പറ്റി 2021 ൽ കഫീൽ ഖാൻ ‘ഖൊരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി: എ ഡോക്ടേഴ്സ് മെമ്മറി ഓഫ് എ ഡെഡ്ലി മെഡിക്കൽ ക്രൈസിസ്’ എന്ന പേരിൽ പുസ്തകവും എഴുതിയിരുന്നു.
തന്റെ സിനിമകളിലൂടെ കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങളുന്നയിക്കുന്നതിൽ അറ്റ്ലീ എന്ന സംവിധായകൻ എപ്പോഴും മുന്നിലാണ്, ഖൊരഖ്പൂർ സംഭവത്തെ കൂടാതെ, കർഷക സമരം, കർഷക ആത്മഹത്യ തുടങ്ങീ ഒരുപാട് സമകാലിക രാഷ്ട്രീയ- സാമൂഹിക വിഷയങ്ങൾ ജവാനിലും സംവിധായകൻ പ്രതിപാദിച്ചിട്ടുണ്ട്.