രാഷ്ട്രീയത്തില്‍ നിന്നും അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത് ഖുശ്ബി അവധി ആഘോഷത്തിലായിരുന്നു. ഈ അവസരത്തില്‍ ലണ്ടനില്‍ എത്തിയ ഖുശ്ബു ഷോപ്പിങ്ങിനിടയില്‍ ഒരു കടയില്‍ വച്ച് ഫോണ്‍ കവറില്‍ കണ്ട ഫോട്ടോ രജനിയുടേതാണെന്ന് കരുതി ആവേശത്തോടെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. എന്നാല്‍ സത്യത്തിലത് അറബ് രാജ്യത്തെ ഒരു രാജാവിന്റെ ചിത്രമായിരുന്നു. ട്വീറ്റിന് പിന്നാലെ ഒരു ആരാധകനാണ് ഖുശ്ബിനെ അത് രജനികാന്തല്ലെന്ന് തിരുത്തിയത്.
“നോക്കൂ.. ഞാന്‍ ലണ്ടനിലെ ഓക്സ്ഫോര്‍ഡ് തെരുവിലെ സുവനീര്‍ ഷോപ്പില്‍ കണ്ടതെന്താണെന്ന്.. നമ്മുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനി..” ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ആരാധകന്‍ അതിലെ തെറ്റ് ചൂണ്ടിക്കാട്ടി റീട്വീറ്റ ചെയ്തു.
“ഇത് ഖത്തര്‍ അമീര്‍ ആയ തമീം ബിന്‍ ഹമദ് ആണ്. തമീം യുവര്‍ ഗ്ലോറി എന്നാണ് അറബിയില്‍ എഴുതിയിരിക്കുന്നത്. ഉപരോധത്തിനൊടുവില്‍ ഖത്തറിനെ ഒരു സ്വതന്ത്രരാജ്യമാക്കിത്തീര്‍ക്കുന്നതില്‍ പ്രധാന പങ്കുവെച്ച രാജാവാണിദ്ദേഹം.” എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ആരാധകന്റെ ട്വീറ്റ് കണ്ട ഖുശ്ബു തനിക്ക് തെറ്റുപറ്റിയെന്നും ആളുമാറിയതില്‍ ക്ഷമ ചോദിക്കുന്നെന്നും ട്വീറ്റ് ചെയ്തു.