ഗൂഢാലോചന അന്വേഷിക്കുകയാണ്, മുരുക ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്; കാര്‍ അപകടത്തെ കുറിച്ച് ഖുശ്ബു

നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു താരം. താന്‍ സുരക്ഷിതയാണെന്നും ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് മുരുക ഭഗവാന്റെ അനുഗ്രഹമാണെന്നും ഖുശ്ബു ടീറ്റ് ചെയ്തു.

“”ദൈവത്തിന്റെയും നിങ്ങളുടെയും അനുഗ്രഹം കൊണ്ട് ഞാന്‍ സുരക്ഷിതയാണ്. മുരുക ഭഗവാനാണ് ഞങ്ങളെ രക്ഷിച്ചത്”” എന്ന് ഖുഷ്ബു ട്വീറ്റ് ചെയ്തു. വലിയ മുരുക ഭക്തനാണ് ഭര്‍ത്താവെന്നും ആ വിശ്വാസമാണ് രക്ഷിച്ചതെന്നും ഖുഷ്ബു കുറിച്ചു. അപകടത്തില്‍പ്പെട്ട കാറിന്റെ ചിത്രങ്ങളും ഖുശ്ബു പങ്കുവെച്ചു.

അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ വാഹനത്തിലേക്ക് ഒരു കണ്ടെയ്‌നര്‍ വന്നിടിക്കുകയായിരുന്നു. തന്റെ കാര്‍ പോയത് ശരിയായ ലെയ്‌നില്‍ കൂടി ആയിരുന്നു. എവിടെ നിന്നോ പാഞ്ഞുവന്ന ലോറി കാറിലേക്ക് ഇടിക്കുകയായിരുന്നു.

ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്, ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും താരം ട്വീറ്റ് ചെയ്തു. അന്വേഷണങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞു കൊണ്ടും താരം ട്വീറ്റ് ചെയ്തു. ഓരോ ചുവടിലും ജീവിതം ഒരു പുതിയ യുദ്ധമാണ്. നിങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ ഞാന്‍ വിജയിക്കും എന്നും ഖുശ്ബു കുറിച്ചു.