ബയോപിക്കുകൾ എല്ലാ കാലത്തും സിനിമാ പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചിട്ടുണ്ട്, ഒരു വ്യക്തിയെ പറ്റി കൂടുതലറിയാൻ അത് പ്രേക്ഷകനെ എപ്പോഴും സഹായിക്കുന്നു. ഭാവിയിൽ പ്രസ്തുത വ്യക്തിയെ പറ്റിയുള്ള ഒരു റഫറൻസായി പലരും ഇത്തരം സിനിമകളെ ഉപയോഗിക്കുന്നു.
അത്തരത്തിൽ ലോക സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചകൾക്ക് വഴിവെച്ച ഒരു സിനിമയായിരുന്നു ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട്. ജെ. ഓപ്പൺഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺഹൈമർ’ എന്ന സിനിമ.
ഇപ്പോഴിതാ 912 ദശലക്ഷം ഡോളർ വേൾഡ് വൈഡ് കളക്ഷൻ നേടി എല്ലാ ബയോപിക്ക് സിനിമകളെയും പിന്നിലാക്കി ഓപ്പൺഹൈമർ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ബ്രയാൻ സിങ്ങറിന്റെ ബയോഗ്രാഫിക്കൽ മ്യൂസിക്കൽ ഡ്രാമ സിനിമയായ ‘ബൊഹീമിയൻ റാപ്സൊഡി’യെയാണ് ഓപ്പൺഹൈമർ പിന്നിലാക്കിയത്. 910 ദശലക്ഷം ഡോളറാണ് ബൊഹീമിയൻ റാപ്സൊഡി നേടിയിരുന്നത്.
റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതവും അദ്ദേഹത്തിന്റെ ‘മാൻഹട്ടൻ പ്രോജക്റ്റു’മാണ് സിനിമയുടെ മുഖ്യ പ്രമേയം. കൂടാതെ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സൂപ്പർ ഹീറോ ഇതര ചിത്രംഎന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി. 826 ദശലക്ഷം ഡോളർ നേടിയ ‘ഇൻസെപഷനെ’യാണ് ചിത്രം മറികടന്നത്.
റെക്കോർഡുകളെ കൂടാതെ വിവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു ഓപ്പൺഹൈമർ. ചിത്രത്തിൽ ഓപ്പൺഹൈമറായി വേഷമിട്ട കിലിയൻ മർഫി ലൈംഗികബന്ധത്തിനിടെ ഭഗവത് ഗീത വായിക്കുന്ന രംഗം ഇന്ത്യയിൽ ഒരുപാട് ചർച്ചകൾക്കും, വിവാദങ്ങൾക്കും തുടക്കമിട്ടിരുന്നു. കൂടാതെ ‘സേവ് ഇന്ത്യ സേവ് കൾച്ചർ ഫൌണ്ടേഷൻ’ ചിത്രത്തിനെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു.
അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഇറങ്ങിയ തീയേറ്ററുകളിലെല്ലാം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് താരങ്ങൾക്ക് വസ്ത്രം നൽകിയിരുന്നു. എന്നാൽ ഇത്തരം വിവാദങ്ങൾക്കൊന്നും തന്നെ സിനിമയുടെ മുന്നേറ്റത്തെ തടയിടാനാവില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് സിനിമ സൃഷ്ടിച്ച പുതിയ റെക്കോർഡ്.