ഓണം റിലീസിന് എത്തിയ ദുല്‍ഖര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ഒരുപാട് പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും നിരാശയാണ് ലഭിച്ചത്. എങ്കിലും 40 കോടിയോളം രൂപ ചിത്രം കളക്ഷന്‍ നേടിയിരുന്നു.
ഓഗസ്റ്റ് 24ന് റിലീസ് ആയ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗ് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രം സെപ്റ്റംബര്‍ 22ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തുമെന്നാണ് ഇന്ത്യ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ചിത്രം ഒരുപാട് നെഗറ്റീവ് പബ്ലിസിറ്റി നേടിയിരുന്നു. ചിത്രം മനപൂര്‍വ്വം ഡീഗ്രേഡ് ചെയ്യുകയാണെന്ന് ആരോപിച്ച് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു കിംഗ് ഓഫ് കൊത്ത. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.