ഈ ഓണം 'കിഷ്‌കിന്ധ'യിൽ! ആസിഫ് അലി ചിത്രം ഇന്ന് തിയേറ്ററുകളിലേക്ക്..

കാടും നിഗൂഢതയുമായി ഓണം റിലീസായി എത്തുന്ന ആസിഫ് അലി ചിത്രം ‘കിഷ്‌കിന്ധാ കാണ്ഡം’ ഇന്ന് തീയേറ്ററുകളിലേക്ക്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലര്‍ ഇപ്പോഴും യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുകയാണ്. രഹസ്യങ്ങള്‍ ഒളിപ്പിച്ച് നിഗൂഢത നിറച്ചാണ് ട്രെയ്ലര്‍ എത്തിയിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിലെ വാനര ലോകം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ടിബറ്റന്‍ വരികളോടെയാണ് ഈ ഗാനം ആരംഭിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഗാനം എന്നതും മറ്റൊരു പ്രത്യേകതയാണ്. ജോബ് കുര്യനും ജെ’മൈമയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ശ്യാം മുരളീധരന്റെ വരികള്‍ക്ക് മുജീബ് മജീദ് സംഗീതം പകര്‍ന്നത്.

അപര്‍ണ്ണ ബാലമുരളി ആണ് സിനിമയില്‍ നായികയായി എത്തുന്നത്. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുല്‍ രമേഷ് ആണ് നിര്‍വഹിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ജോബി ജോര്‍ജ് ഒരുക്കുന്ന ചിത്രമാണിത്. അബ്രഹാമിന്റെ സന്തതികള്‍, ഷൈലോക്ക്, കാവല്‍, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജോബി ജോര്‍ജ്. ‘ഒരു മിനിറ്റ് പോലും ഈ സിനിമ നിങ്ങളെ ബോറടിപ്പിക്കില്ല’ എന്നാണ് ജോബി ജോര്‍ജ് ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന വെറൈറ്റി ടൈറ്റിലും നിഗൂഢതകളും അല്ലാതെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാത്തത് പ്രേക്ഷകന്റെ ഉള്ളില്‍ സിനിമ കാണണം എന്നൊരു ഫീല്‍ നിറയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നാളെ റിലീസ് ചെയ്യുന്ന സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ തന്നെയാണ് സാധ്യത. മാത്രമല്ല, ഈ വര്‍ഷത്തെ ഓണം റിലീസുകളില്‍ ഏറെ പ്രതീക്ഷയോടെ നിരൂപകര്‍ അടക്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കിഷ്‌കിന്ധാ കാണ്ഡം.

Read more