ഷൂട്ടിങ്ങ് സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് നടി പരാതി ഉന്നയിച്ചതിനെത്തുടർന്ന് പ്രശസ്‌ത ബംഗാളി സംവിധായകൻ അരിന്ദം ശീലിനെ പുറത്താക്കി ഡയറക്ടേഴ്‌സ് ഗിൽഡ് സംഘടന. നടി ഉന്നയിച്ച പരാതി അതീവ ഗുരുതരമാണെന്ന് കണ്ടാണ് തീരുമാനം. സീൻ വിശദീകരിക്കുന്നതിനിടെ കവിളത്ത് ചുംബിച്ചുവെന്നാണ് നടിയുടെ പരാതി.
ഡയറക്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യയാണ് സംവിധായകൻ അരിന്ദം ശീലിനെതിരെ നടപടിയെടുത്തത്. മഹിളാ കമ്മിഷനിലാണ് നടി പരാതി നൽകിയത്. നിരപരാധിത്വം തെളിയിക്കുന്നതുവരെ ശീലിന് സംഘടനയിൽ അംഗത്വമോ പരിഗണനയോ ലഭിക്കില്ലെന്ന് ഗിൽഡ് അധ്യക്ഷൻ സുബ്രത സെൻ പറഞ്ഞു. വിശ്വാസയോഗ്യമായ തെളിവോടെ ഏതു പരാതി ലഭിച്ചാലും നടപടി ഉണ്ടാകുമെന്നും സുബ്രത സെൻ പറഞ്ഞു.
സംവിധായകൻ അരിന്ദം ശീലിനെതിരെ തെളിവുണ്ടെന്ന് പ്രഥമ ദൃഷ്‌ട്യാ കണ്ടെത്തിയെന്ന് ഗിൽഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അരിന്ദം ശീലിന്റെ്റെ സിനിമാ സെറ്റിൽവെച്ച് ഏതാനും മാസങ്ങൾക്കുമുൻപാണ് വിവാദസംഭവം നടന്നത്. സംഭവത്തിന് പിന്നാലെ നടി മഹിളാ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. പരാതി സ്വീകരിച്ച കമ്മീഷൻ ശീലിന്റേതുൾപ്പെടെ മൂന്ന് ഹിയറിങ്ങുകളാണ് നടത്തിയത്.
അതിനിടെ വെള്ളിയാഴ്ച കമ്മീഷനുമുന്നിൽ വീണ്ടും ഹാജരായ അരിന്ദം ശീൽ മാപ്പുപറഞ്ഞു. തന്റെ പെരുമാറ്റത്തിലൂടെ ആ താരത്തിന് ഏതെങ്കിലുംതരത്തിലുള്ള അപമാനം നേരിടേണ്ടിവന്നിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി മാപ്പുചോദിക്കുന്നു എന്ന് അരിന്ദം ശീൽ പറഞ്ഞു. ഈ സാഹചര്യത്തിൽ കൂടിയാണ് സംവിധായക സംഘടന അരിന്ദം ശീലിനെ പുറത്താക്കിയത്. അതേസമയം തൻ്റെ വാദം കേൾക്കാതെയാണ് ഗിൽഡ് നടപടിയെടുത്തതെന്നാണ് അരിന്ദം ശീലിന്റെ ആരോപണം.