ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് സിനിമയെ കുറിച്ച് തനിക്ക് ചില വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രേവതി അവതരിപ്പിച്ച മന്ത്രിയുടെ കഥാപാത്രം പെരുമാറിയതു പോലെയല്ല താന്‍ യഥാര്‍ത്ഥത്തില്‍ നിപ്പയെ നേരിട്ടതെന്ന് ശൈലജ പറഞ്ഞു.
“വൈറസ് സിനിമയെ കുറിച്ച് എനിക്ക് ചില വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. കാരണം മീറ്റിംഗുകളിലൊക്കെ അനങ്ങാതിരുന്ന മിണ്ടാതിരുന്ന ആളല്ല ഞാന്‍. ഇക്കാര്യം ആഷിക്കിനോട് പറയുകയും ചെയ്തു. അങ്ങനെയൊരു മീറ്റിംഗില്‍ ഇനിയെന്താ ചെയ്യേണ്ടത് എന്നു പറഞ്ഞ് നിസ്സംഗയായി ഇരുന്നിട്ടുള്ള ആളല്ല ഞാനെന്നും ആ കഥാപാത്രത്തിന് എന്റെ ഛായ ഉള്ളതു കൊണ്ടാണ് വിളിച്ചതെന്നും ആഷിക്കിനോട് പറഞ്ഞു.”
“അപ്പോള്‍ ആഷിക്ക് പറഞ്ഞത്, “മാഡം ഞങ്ങള്‍ അതില്‍ കൂടുതല്‍ എടുത്തത് വൈകാരിക തലമാണ്, മറ്റേത് സയന്റിഫിക് തലവും എന്നാണ്. മന്ത്രിയെ സംബന്ധിച്ചടത്തോളം വൈകാരിക തലമില്ല. പക്ഷേ സിനിമയില്‍ അതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ശൈലജ പറഞ്ഞു.