ശനിയാഴ്ച 10 മണിക്ക് ഇങ്ങ് എത്തിയേക്കണം; ഷൈനിന് വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ പൊലീസ്

ഷൈന്‍ ടോം ചാക്കോയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ കൊച്ചി സിറ്റി പൊലീസ്. ശനിയാഴ്ച രാവിലെ പത്തുമണിക്ക് എറണാകുളം നോര്‍ത്ത് എസ്ഐക്ക് മുമ്പില്‍ ഹാജരാവാനാണ് നിര്‍ദേശം. തൃശൂരില്‍ വീട്ടിലെത്തി നോട്ടീസ് കൈമാറും. ലഹരി പരിശോധനക്കിടെ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തിലാണ് നടനെ ചോദ്യം ചെയ്യുക.

പരിശോധനക്കിടെ ഓടിപ്പോയത് എന്തിനാണ് എന്നതില്‍ വ്യക്തതവരുത്താനാണ് നോട്ടീസ് നല്‍കുന്നത്. ഓടി രക്ഷപ്പെട്ട ഷൈന്‍ എവിടെയാണെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നടന്‍ തമിഴ്‌നാട്ടില്‍ എത്തി എന്ന വിവരങ്ങളുമുണ്ട്. ലഹരി പരിശോധനക്കിടെ മുറിയില്‍ നിന്നും ഇറങ്ങിയോടിയ നടന്‍ രക്ഷപെട്ടത് ബൈക്കിലാണെന്ന് പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു.

ബോള്‍ഗാട്ടിയിലെത്തിയ ഷൈന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറി എടുത്തു. തുടര്‍ന്ന് പുലര്‍ച്ചെ തൃശൂര്‍ ഭാഗത്തേക്ക് പോയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, ഷൈന്‍ തിങ്കളാഴ്ച ആഭ്യന്തര പരാതി പരിഹാര സമിതി (ഐസി)ക്ക് മുമ്പില്‍ ഹാജരാകുമെന്ന് നടന്റെ പിതാവ് വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളത്ത് നേരിട്ട് എത്തിയാവും അമ്മ സംഘടനയ്ക്ക് വിശദീകരണം നല്‍കുക.

തിങ്കളാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറല്‍ ബോഡിയോട് ശുപാര്‍ശ ചെയ്യും. അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബറും അറിയിച്ചിട്ടുണ്ട്.