കന്നഡിഗയായി അറിയപ്പെടാന്‍ താല്‍പര്യമില്ലാത്ത രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കണമെന്ന കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയുടെ പരാമര്‍ശത്തിന് രപിന്നാലെ നടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് കൊടവ നാഷണല്‍ കൗണ്‍സില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന ആരോഗ്യ മന്ത്രി ജി പരമേശ്വരയ്ക്കും കത്ത് നല്‍കി.
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ രശ്മിക വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു എംഎല്‍എ നടിക്കെതിരെ രംഗത്തെത്തിയത്. ”കഴിഞ്ഞ വര്‍ഷം ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ രശ്മികയെ ക്ഷണിച്ചപ്പോള്‍ അവര്‍ അത് നിരസിച്ചു.”
”എന്റെ വീട് ഹൈദരാബാദിലാണ്, കര്‍ണാടക എവിടെയാണെന്ന് എനിക്കറിയില്ല. എനിക്ക് സമയവുമില്ല. അതുകൊണ്ട് ഞാന്‍ വരില്ല’ എന്നാണ് രശ്മിക പറഞ്ഞത്.ഞങ്ങളുടെ ഒരു എംഎല്‍എ പത്തോ പന്ത്രണ്ടോ തവണ അവരെ ക്ഷണിക്കുന്നതിനായി അവരുടെ വസതിയില്‍ പോയിരുന്നു. എന്നിട്ടും അവര്‍ ക്ഷണം നിരസിച്ചു.”
”വളര്‍ന്നു വരുന്ന സിനിമാ ഇന്‍ഡസ്ട്രിയായിട്ട് കൂടി അവര്‍ കന്നഡയെ അവഹേളിച്ചു. അവരെ നമ്മുക്കൊരു പാഠം പഠിപ്പിക്കണ്ടേ” എന്നായിരുന്നു രവികുമാര്‍ ഗൗഡ
കര്‍ണാടക നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞത്. ഇതിന് പിന്നാലെ കന്നഡ രക്ഷണ വേദികെ കണ്‍വീനര്‍ നാരായണ ഗൗഡയും രശ്മികയെ വിമര്‍ശിച്ചിരുന്നു.
ഫെബ്രുവരി 28ന് ആരംഭിച്ച ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും കന്നഡ അഭിനേതാക്കള്‍ വിട്ടുനിന്നതിനെ ഉദ്ഘാടന വേദിയില്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രശ്മികയെ ലക്ഷ്യമിട്ട് രവികുമാര്‍ രംഗത്തെത്തിയത്.