ആസിഫ് അലി, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ‘കൊത്ത്’ ചിത്രത്തിന് സമ്മിശ്ര പ്രതികരണം. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ നിന്നും പറയുന്ന ചിത്രമാണ് ‘കൊത്ത്’ എന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയ ചിത്രമായി എത്തിയ കൊത്ത് ചില പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോള്‍ സിബി മലയിലിന്റെ വമ്പന്‍ തിരിച്ചു വരവ് എന്നാണ് ചിലരുടെ അഭിപ്രായങ്ങള്‍. അഭിനേതാക്കളുടെ പെഫോമന്‍സ് മാറ്റി നിര്‍ത്തിയാല്‍ നിരാശ മാത്രം എന്നാണ് ചിലരുടെ അഭിപ്രായം.
കമ്മ്യൂണിസ്റ്റുകാര്‍ കള്ളു കുടിക്കില്ല, കൊത്ത് ഇഷ്ടപ്പെട്ടില്ല എന്നാണ് ആറാട്ട് സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കിയുടെ അഭിപ്രായം. എന്നാല്‍ ആസിഫ് അലി, റോഷന്‍, നിഖില എന്നിവരുടെ അഭിനയം മികച്ചു നിന്നുവെന്ന് സന്തോഷ് പറയുന്നു.
”രാഷ്ട്രീയ മുതലെടുപ്പും, നീതികേടുമൊക്കെ സിനിമ ആക്കാന്‍ കുറച്ചെങ്കിലും ചങ്കൂറ്റം വേണം. പച്ചയ്ക്ക് പറയാന്‍ പറ്റാത്തവര്‍ അതിന് നില്‍ക്കരുത്. അല്ലാത്ത പക്ഷം കൊത്ത് പോലൊരു സിനിമ ആയിരിക്കും റിസള്‍ട്ട്” എന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ആറ് വര്‍ഷത്തിന് ശേഷം സിബി മലയില്‍ ഒരുക്കിയ ചിത്രമാണ് കൊത്ത്. രഞ്ജിത്ത്, വിജിലേഷ്, അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുല്‍, ശിവന്‍ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.