‘ദൈവം ഒരു പ്രേക്ഷകനാണെങ്കില്‍ എപ്പോഴും കരയുന്ന എന്നെയാണ് ആ ദൈവത്തിന് ഇഷ്ടം’ എന്ന് കെപിഎസി ലളിത ഒരിക്കല്‍ പറഞ്ഞിരുന്നു. കാലം വേദനകളാല്‍ പലതവണ മുറിവേല്‍പ്പിച്ചിട്ടും ജീവിതത്തില്‍ തോറ്റു കൊടുക്കാന്‍ അവര്‍ തയാറായിരുന്നില്ല. ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളെ പോലും സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ലളിതയ്ക്ക് കഴിഞ്ഞത് ജീവിതവും അഭിനയവും കെട്ടുപിണഞ്ഞു കിടക്കുന്നതിനാലാവാം.
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും ലളിതമായിരുന്നില്ല ലളിതയുടെ ജീവിത യാത്രകള്‍. ബാല്യകാലവും ഭരതന്റെ മരണവും കട ബാധ്യതകളും അപകടങ്ങളും ലളിതയെ വല്ലാതെ തളര്‍ത്തിയിരുന്നു. എങ്കിലും മലയാളികളെ ചിരിപ്പിച്ചും ചിലപ്പോള്‍ കരയിപ്പിച്ചും അവര്‍ അരങ്ങില്‍ തിളങ്ങി.
അച്ഛനും അമ്മയുടെ വീട്ടുകാരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് കെപിഎസി ലളിതയുടെ ബാല്യകാലത്ത് അസ്വാരസ്യങ്ങള്‍ക്കിടയാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തനവുമായും മറ്റും ബന്ധപ്പെട്ടുള്ള അച്ഛന്റെ വീടുവിട്ടുള്ള യാത്രകളും അമ്മയില്‍ നിന്ന് പതിവായി കേള്‍ക്കുന്ന ശകാരവും മര്‍ദനവുമെല്ലാം വീട്ടില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി.
ഭരതന്‍ അകാലത്തില്‍ മരിച്ചപ്പോള്‍ ആറു മാസത്തോളം വീട്ടിലെ ഇരുളില്‍ ലളിത ഒതുങ്ങിപ്പോയിരുന്നു. എന്നാല്‍ വീണ്ടും ഓടി നടന്ന് സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. ചുറ്റും കടബാധ്യതകളായിരുന്നു. കടബാധ്യതകളില്‍ നിന്നും കരകയറാനുള്ള വഴിയായിരുന്നു പിന്നീട് സിനിമ. ഭര്‍ത്താവ് വരുത്തിവച്ച വലിയ ബാധ്യതകള്‍ അക്ഷീണമായ പ്രയത്നം കൊണ്ട് ലളിത ഇല്ലാതാക്കി.
ഇതിനിടെ മകന്‍ സിദ്ധാര്‍ത്ഥിന് അപകടം സംഭവിച്ചിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അഭ്രപാളികളില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും പക്ഷെ സാമ്പത്തിക ബാധ്യതകള്‍ അവരെ വിടാതെ പിന്തുടര്‍ന്നിരുന്നു. ചിലരുടെ സഹായം കൊണ്ടായിരുന്നു തിരിച്ചു വരവുകള്‍. പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ച ദിലീപിനെ കുറിച്ച് താരം അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ദിലീപിനെ ജയലില്‍ കാണാനും കെപിഎസി ലളിത എത്തിയിരുന്നു.
നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്.
ഇന്നലെ രാത്രി 10.20ന് ആണ് അന്തരിച്ചത്. ഏറെ നാളായി കരള്‍ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.