'വിവാഹമോചനത്തിന് കാരണമായത് കെടിആര്‍, നാഗാര്‍ജുന അത് ആവശ്യപ്പെട്ടത് സാമന്ത അനുസരിച്ചില്ല'; മന്ത്രിയുടെ വിവാദ പരാമര്‍ശം, കനത്ത പ്രതിഷേധം, പ്രതികരിച്ച് നാഗചൈതന്യ

നാഗചൈതന്യയും സാമന്തയും വേര്‍പിരിയാന്‍ കാരണമായത് മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബിആര്‍എസ് നേതാവുമായ കെടി രാമ റാവു ആണെന്ന തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണത്തില്‍ കനത്ത പ്രതിഷേധം. സിനിമാ മേഖലയില്‍ നിന്ന് നടിമാര്‍ മാറി നില്‍ക്കുന്നതിന് കാരണം കെടി രാമ റാവു ആണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

”മയക്കുമരുന്ന് മാഫിയയാണ് കെടിആര്‍, സിനിമാ ഇന്‍ഡസ്ട്രിയിലെ പലര്‍ക്കും അദ്ദേഹം മയക്കുമരുന്ന് എത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പല നടിമാരും അഭിനയം നിര്‍ത്തി പോയി. കെടിആറിന് അടുത്ത് പോകാന്‍ നാഗാര്‍ജുന തന്റെ മകന്റെ ഭാര്യയായ സാമന്തയോട് ആവശ്യപ്പെട്ടു. അവര്‍ അതിന് വിസമ്മതിച്ചു.”

”അതേ തുടര്‍ന്നുള്ള പ്രശ്നത്തിനൊടുവിലാണ് നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭുവും വേര്‍പിരിഞ്ഞത്” എന്നായിരുന്നു കൊണ്ട സുരേഖയുടെ വിവാദ പരമാര്‍ശം. 24 മണിക്കൂറിനുള്ളില്‍ ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും എന്നാണ് കെടിആര്‍ പ്രതികരിച്ചത്.

തന്റെ കുടുംബത്തിന്റെ അഭിമാനം തകര്‍ത്ത പരമാര്‍ശത്തിനെതിരെ നാഗാര്‍ജുനയും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്ത് നിന്നുകൊണ്ട് ഇത്തരുമൊരു പരമാര്‍ശം നടത്തിയത് വളരെ മോശമാണെന്നും. ഈ പറഞ്ഞത് തീര്‍ത്തും വാസ്തവവിരുദ്ധമാണെന്നും നാഗാര്‍ജുന പ്രതികരിച്ചു. നാഗ ചൈതന്യയും ഈ പരാമര്‍ശത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

നാഗചൈതന്യയുടെ വാക്കുകള്‍:

വിവാഹമോചനം എന്ന തീരുമാനം ഒട്ടും എളുപ്പമായ ഒന്നല്ല, വളരെ അധികം വേദന നിറഞ്ഞ നിര്‍ഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഞാനും എന്റെ മുന്‍ ഭാര്യയും ചേര്‍ന്നെടുത്ത തീരുമാനമാണ് വിവാഹമോചനം. ഞങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങള്‍ക്കും സമാധാനത്തിനും അതായിരുന്നു ശരി എന്ന തീരുമാത്തില്‍ രണ്ട് പ്രായപൂര്‍ത്തിയായ ആളുകള്‍ എടുത്ത തീരുമാനം. എന്നിരുന്നാലും അതിന്റെ പേരില്‍ ഒരുപാട് കിംവദന്തികളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചു. എന്നിട്ടും എന്റെ മുന്‍ ഭാര്യയുടെയും എന്റെ കുടുംബത്തെയും ബഹുമാനിക്കുന്നത് കൊണ്ടാണ് ഇതുവരെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്.

എന്നാല്‍ ഇപ്പോള്‍ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരമാര്‍ശം വാസ്തവ വിരുദ്ധമാണ് എന്ന് മാത്രമല്ല, അങ്ങേയറ്റം ആക്ഷേപം കൂടെയാണ്. സ്ത്രീകള്‍ ബഹുമാനവും പിന്തുണയും അര്‍ഹിക്കുന്നവരാണ്. മാധ്യമ ശ്രദ്ധയ്ക്കു വേണ്ടി സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തെ കുറിച്ച് എന്തും പറയാം എന്ന നിലയിലേക്ക് തരംതാഴുന്നത് അങ്ങേയറ്റം നാണക്കേടുള്ള കാര്യമാണ്. മന്ത്രിമാര്‍ കുറച്ച് കൂടി ഉത്തരവാദിത്തമുള്ളവരും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്നവരുമാകണം.

Read more