ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് വലിയ വിജയമാണ് തിയേറ്ററുകളില്‍ കരസ്ഥമാക്കിയത്. മലയാളത്തിലെ യുവതാരനിര അണിനിരന്ന ചിത്രം ധാരാളം ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു. അതില്‍ ഉയര്‍ന്ന ഒരു ചോദ്യമായിരുന്നു ചിത്രത്തിലെ അമ്മ എന്തു കൊണ്ട് മക്കള്‍ക്കൊപ്പം പോയില്ല എന്നത്. ഒറ്റ രംഗത്തില്‍ മാത്രമാണ് കുമ്പളങ്ങി സഹോദരന്മാരുടെ അമ്മ പ്രത്യക്ഷപ്പെടുന്നതെങ്കിലും അവരുടെ നിലപാട് പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിച്ചു.
യുവനടി അനാര്‍ക്കലി മരിക്കാറിന്റെ അമ്മയും സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ലാലിയാണ് ആ അമ്മ റോള്‍ മനോഹരമാക്കിയത്. എന്താണ് അമ്മ മക്കളുടെ കൂടെ പോകാഞ്ഞത് എന്ന ലാലി തന്നെ വ്യക്തമാക്കുകയാണ്. സിനിമ കണ്ടശേഷം പലരും തന്നോട് ചോദിച്ച ചോദ്യമാണിതെന്നും പക്ഷേ പോകാതിരുന്നത് നന്നായി എന്നാണ് തനിക്ക് തോന്നുന്നതെന്നും ലാലി പറയുന്നു.
“മക്കള്‍ക്ക് വേണ്ടി ഉരുകിയൊലിച്ചു തീരുന്ന സര്‍വംസഹയായ അമ്മമാരെയാണ് ഇത്രയും കാലം മലയാളസിനിമയില്‍ കണ്ടത്. അവര്‍ക്ക് സ്വന്തമായി ആഗ്രഹങ്ങളില്ല, നേടിയെടുക്കാന്‍ സ്വപ്നങ്ങളില്ല, സ്വന്തമായി തീരുമാനങ്ങളില്ല. അമ്മ എന്ന രൂപത്തെ പാത്രം കഴുകാനും തുണിയലക്കാനും ഭക്ഷണം വെച്ചു കൊടുക്കാനും കുട്ടികളെയും വീട്ടുകാര്യങ്ങളും നോക്കാനും മാത്രമുള്ള ഒരു ഉപകരണമായി പ്രതിഷ്ഠിച്ചു വെച്ചിരിക്കുകയാണ്. എന്നാല്‍ കുമ്പളങ്ങി നൈറ്റ്സിലെ അമ്മയിലൂടെ പറയാന്‍ ആഗ്രഹിച്ചതും അത്തരം കണ്ടു മടുത്ത ക്‌ളീഷേകളില്‍ നിന്നൊരു മാറ്റമാണ്. വാ കീറിയ ദൈവം ഇരയും തരും എന്ന് പറയുന്നതു പോലെ മക്കള്‍ അവരുടെ ഭാഗധേയം സ്വയം കണ്ടെത്തിക്കൊള്ളും അല്ലെങ്കില്‍ കണ്ടെത്തണം എന്നവര്‍ ചിന്തിച്ചിട്ടുണ്ടാകും.” മനോരമയുമായുള്ള അഭിമുഖത്തില്‍ ലാലി പറഞ്ഞു.