സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നാളെ ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍. നാളെ കേരള സ്‌ട്രൈക്കേഴ്‌സ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരത്തിന് ഇറങ്ങുക. ഹോം ഗ്രൗണ്ടില്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇരട്ട ഉത്തരവാദിത്തമാണ് എന്നാണ് ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നത്.
”നാളെ വളരെ പ്രധാനപ്പെട്ട മത്സരമാണ്. രണ്ട് മത്സരം നമുക്ക് കൈവിട്ടുപോയി. നാളെ നമ്മള്‍ ഹോം ഗ്രൗണ്ടില്‍ ഒരു മത്സരത്തിനിറങ്ങുമ്പോള്‍ ഇരട്ട ഉത്തരവാദിത്തമാണ്. ഒന്ന് വിജയിക്കുക എന്നതും പോയന്റ് ടേബിളില്‍ നമുക്ക് പോയന്റ് ലഭിക്കുക എന്നതും.”
”അതുപോലെ നാട്ടുകാരുടെ മുന്നില്‍ കളിക്കുമ്പോള്‍ അവരുടെ ആവേശം കെടുത്താത്ത തരത്തില്‍ ഒരു വിജയം എന്നത് വലിയ ഉത്തരവാദിത്തമാണ്. അതിന് വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും ആവേശവും ഒക്കെ നിറച്ചാണ് നമ്മള്‍ ഇവിടെ വന്നിരിക്കുന്നത്.”
”ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. എല്ലാവരും അതിന് തയ്യാറായിരിക്കുകയാണ്” എന്നാണ് കുഞ്ചാക്കോ ബോബന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുന്നത്. മുംബൈ ഹീറോസിനോടാണ് നാളെ കേരള സ്‌ട്രൈക്കേഴ്‌സ് ഏറ്റമുട്ടാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ രണ്ട് മത്സരത്തിലും കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരുന്നു. സീസണിലെ ആദ്യ കളിയില്‍ തെലുങ്ക് വാരിയേഴ്‌സിനോടാണ് കേരള സ്‌ട്രൈക്കേഴ്‌സ് തോല്‍വി ഏറ്റുവാങ്ങിയത്. ജയ്പൂരില്‍ വച്ച് നടന്ന രണ്ടാമത്തെ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനോടാണ് കേരളം പരാജയപ്പെട്ടത്.