കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കുണ്ടന്നൂരിലെ കുത്സിത ലഹള’യുടെ ട്രെയ്‌ലർ ലോഞ്ച് നാളെ വൈകീട്ട് ഏഴ് മണിക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
“ആസ്വദിക്കൂ “കുണ്ടന്നൂരിലെ കുത്സിതലഹള” യുടെ ട്രെയിലർ ലോഞ്ച് സിനിമയുടെ അണിയറ പ്രവർത്തകരുടേയും അഭിനേതാക്കളുടേയും സാന്നിധ്യത്തിൽ, ബ്ലാസ്റ്റേഴ്സിനൊപ്പം ബിഗ് സ്ക്രീനിൽ” എന്നാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനെ കുറിച്ച് എഴുതിയിരിക്കുന്നത്.
കുണ്ടന്നൂർ എന്ന ഗ്രാമവും അവിടുത്തെ നാട്ടുകാരുടെ മണ്ടത്തരങ്ങളും തമാശകളുമാണ് സിനിമയുടെ പ്രമേയം. കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ലുക്മാൻ അവറാൻ, വീണ നായർ, ആശ മടത്തിൽ, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, മേരി, ബേബി, ജോർജ്, സുനീഷ് സ്വാമി, അനു രാദ്, അധിൻ ഒള്ളൂർ, നിതുര, സുമിത്ര എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
റെജിൻ സാൻഡോയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം നിർവഹിക്കുന്നത് മെൽവിൻ മിഖായേൽ. ഡിസംബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.