എന്താ ഡിമാന്‍ഡ് , ചാക്കോച്ചന്‍ ചോദിച്ചു, അനിയത്തിപ്രാവിലെ ബൈക്ക് കിട്ടാന്‍ ബോണിയ്ക്ക് നടന്‍ കൊടുത്തത്

മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ പ്രണയ ചിത്രങ്ങളിലൊന്നായ അനിയത്തിപ്രാവിന് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. ഈ അവസരത്തില്‍ ചിത്രത്തിലെ ചുവന്ന സ്‌പ്ലെന്‍ഡര്‍ ബൈക്ക് വീണ്ടും കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയതിന്റെ വാര്‍ത്തകളുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് ശേഷം ആലപ്പുഴയിലെ സ്വകാര്യ വാഹനഷോറൂമിലെ ജീവനക്കാരനായ ബോണിയാണ് ഈ ബൈക്ക് പിന്നീട് സ്വന്തമാക്കിയത്.

കുഞ്ചാക്കോ ബോബന്‍ എന്നെ ഫോണില്‍ വിളിച്ചു, ഹലോ ബോണിയാണോ, എനിക്ക് നിങ്ങളുടെ വണ്ടി കിട്ടിയാല്‍ കൊള്ളാം എന്നു പറഞ്ഞു. വണ്ടി എത്രയും പെട്ടെന്നു വേണമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ഒരാളെ അങ്ങോട്ടു വിട്ടാല്‍ വണ്ടി കൈമാറ്റം ചെയ്തു തരാമോ എന്നു ചോദിച്ചു. രണ്ടു ദിവസത്തെ സമയം ഞാനും ചോദിച്ചു. പക്ഷേ അദ്ദേഹത്തിന് ഈ ബൈക്ക് എത്രയും പെട്ടെന്നു തന്നെ വേണമായിരുന്നു. ഒരുദിവസം മുഴുവന്‍ ആലോചിച്ചു. അദ്ദേഹം പിറ്റേദിവസം എന്നെ വിളിച്ചു, ആളെ വിട്ടിട്ടുണ്ടെന്നു പറഞ്ഞു. ആള് ഇവിടെ വന്നു. എന്നെ കണ്ടു സംസാരിച്ചു. എന്താ ഡിമാന്‍ഡ്, ക്യാഷ് വേണോ എന്ന് ചോദിച്ചു.

ക്യാഷ് അല്ല, എനിക്കൊരു പുതിയ വണ്ടി കിട്ടിയാല്‍ നന്നായിരിക്കും എന്നു പറഞ്ഞു. വീണ്ടും ചാക്കോച്ചന്‍ വിളിച്ചു, ബോണിക്ക് ഇഷ്ടമുള്ള വണ്ടി എടുത്തുകൊള്ളാന്‍ പറഞ്ഞു. ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നു തന്നെ വണ്ടി വാങ്ങാനായിരുന്നു എനിക്ക് ആഗ്രഹം. അങ്ങനെ സ്‌പ്ലെന്‍ഡറിന്റെ പുതിയ മോഡല്‍ തന്നെ തിരഞ്ഞെടുത്തു. ബോണി പറയുന്നു.