'കുറുപ്പി'ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു, കാഴ്ച്ചക്കാരായി ദുല്‍ഖറും കുടുംബവും

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം’കുറുപ്പി’ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.സുകുമാരക്കുറുപ്പായി വേഷമിട്ട ദുല്‍ഖറിന്റെ ചിത്രങ്ങള്‍ കെട്ടിടത്തില്‍ തെളിഞ്ഞപ്പോള്‍ ആര്‍പ്പുവിളിച്ചാണ് കാണാനെത്തിയവര്‍ സ്വീകരിച്ചത്.

ബുര്‍ജിന്റെ കൂറ്റന്‍ ഗ്ലാസ് പാനലുകളില്‍ ചിത്രം മിന്നുന്നത് കാണാന്‍ നിരവധി ആരാധകര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കുടുംബവുമുണ്ടായിരുന്നു.സിനിമ റിലീസാകുന്നതിന് മുന്നോടിയായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. നവംബര്‍ 12നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ്.

നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്.

Read more

കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.