ഉള്ളടക്കത്തിലെ രാഷ്ട്രീയത്തിന്റെ പേരില്‍ വിവാദച്ചുഴിയിലാണ് ‘എമ്പുരാന്‍’. സിനിമ റീ എഡിറ്റ് ചെയ്യുന്നതിന് മുമ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റം തന്നെയാണ് രണ്ട് ദിവസങ്ങളായി കാണാന്‍ കഴിഞ്ഞത്. അതിനാല്‍ തന്നെ വിവാദക്കയത്തിലും ബോക്‌സ് ഓഫീസില്‍ തീ പടര്‍ത്തിയാണ് എമ്പുരാന്റെ മുന്നേറ്റം. ലൂസിഫര്‍ സിനിമയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്.
L2 എമ്പുരാന്‍ വിവാദമായതോടെ മൂന്നാം ഭാഗമായ L3 The Bigining എന്ന മൂന്നാം ഭാഗത്തിന്റെ ഭാവി എന്താകുമെന്ന ആശങ്ക ഇപ്പോഴേ പ്രേക്ഷകര്‍ക്കുണ്ട്. അബ്രാം ഖുറേഷി നേരിടാന്‍ പോകുന്ന വലിയ വിപത്തിലേക്ക് ചൂണ്ടിയാണ് എമ്പുരാന്‍ അവസാനിച്ചത്. ചുവന്ന ഡ്രാഗണ്‍ ചിഹ്നമുള്ള കോട്ട് ധരിച്ച വില്ലനും ഷെന്‍ ട്രയാഡും ആരാണ്, എന്താണ് എന്ന് പറയുന്നതാകും അടുത്ത ഭാഗത്തിന്റെ ഒരു ഹൈലൈറ്റ്.
ലൂസിഫര്‍ സിനിമ അവസാനിച്ചത് ‘എമ്പുരാനേ’ എന്ന ഗാനത്തോടെയാണ്. രണ്ടാം ഭാഗത്തിന് എമ്പുരാന്‍ എന്ന പേരും നല്‍കി. എമ്പുരാന്‍ അവസാനിച്ചത് ‘അസ്രയാലേ’ എന്ന ഉഷ ഉതുപ്പ് ആലപിച്ച ഗാനത്തോടെയാണ്. അതുകൊണ്ട് തന്നെ മൂന്നാം ഭാഗമായ L3 The Bigining സിനിമയുടെ പേര് ‘അസ്രയേല്‍’ എന്ന് തന്നെയാകാം എന്ന ചര്‍ച്ചകളാണ് എത്തുന്നത്.
ദൈവത്തിന്റെ മരണദൂതനാണ് അസ്രയേല്‍, മരിച്ചയാളുടെ ആത്മാക്കളെ ശരീരത്തില്‍ നിന്ന് എടുക്കാന്‍ അവകാശമുള്ളവന്‍. ക്രിസ്ത്യന്‍ ഇസ്ലാമിക് സാഹിത്യത്തിലും നാടോടി കഥകളിലും ഈ പേര് വ്യാപകമാണ്. അനീതിക്കെതിരെ പ്രതികാരം ചെയ്യുന്ന നരകത്തിന്റെ മാലാഖയാണ് അസ്രയേല്‍.
എമ്പുരാന്‍ സിനിമയില്‍ വില്ലനെ കൊല്ലുമ്പോള്‍ അബ്രാം ഖുറേഷി പറയുന്നത് ഇനി നമുക്ക് നരകത്തില്‍ കാണാം എന്നാണ്. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖ ഇനി അസ്രയേല്‍ ആയി രൂപാന്തരം കൊണ്ടാകും അനീതിക്കെതിരെ പോരാടുക. അതേസമയം, രാഷ്ട്രീയ ചായ്വിന്റെ പേരില്‍ ചേരിപ്പോര് തുടരുമ്പോഴും, പ്രതീക്ഷച്ചതൊന്നും എമ്പുരാനില്‍ ഉണ്ടായില്ല എന്നാണ് ഒരു കൂട്ടം പ്രേക്ഷകരുടെ അഭിപ്രായം.
അതുകൊണ്ട് തന്നെ സംഘ് വിവാദം തളരുമ്പോള്‍, റീ എഡിറ്റ് ചെയ്ത സിനിമ കാണാന്‍ പ്രേക്ഷകരുടെ കുത്തൊഴുക്ക് ഉണ്ടാവുമെന്നതില്‍ തീര്‍ച്ചയുമില്ല. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പ്രേക്ഷകരും ഒന്നിച്ച് പിന്തുണച്ച് എത്തിയിട്ടും മോഹന്‍ലാലിന്റെ ഖേദം സംഘ് വിരുദ്ധതയ്ക്ക് മുന്നില്‍ കീഴടങ്ങിയത് പോലെ എന്നുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്നുണ്ട്.